ഡൊണാള്‍ഡ് ട്രംപ് 
NEWSROOM

ഔദ്യോഗികമാണെങ്കില്‍ എന്തുമാകാം; പ്രസിഡന്‍റിനെ സംരക്ഷിക്കുന്ന ഇമ്മ്യൂണിറ്റിയും അമേരിക്കന്‍ ജനാധിപത്യവും

കഴിഞ്ഞ ആറു മാസത്തെ തിരിച്ചടികളെ മറന്ന് ട്രംപിന് ഉല്ലസിക്കാന്‍ മാത്രം പ്രാധാന്യമുണ്ട് ഈ വിധിക്ക്

Author : ന്യൂസ് ഡെസ്ക്

യു.എസ് പ്രസിഡന്‍റ് കസേര- അമേരിക്കന്‍ സ്വപ്‌നങ്ങളെ നടപ്പിലും കിടപ്പിലും താലോലിക്കേണ്ട സ്ഥാനം. മുറുക്കിയാല്‍ തുപ്പാന്‍ നേരമില്ലാതെ അവര്‍ക്ക് ആഗോള തീവ്രവാദത്തെപ്പറ്റി സംസാരിക്കേണ്ടി വരും. ഇസ്രയേലിന് കിലോ കണക്കിന് ആയുധങ്ങള്‍ കൊടുക്കേണ്ടി വരും. സര്‍വ്വോപരി അമേരിക്കനായി ഇരിക്കുക. അതാണ് പ്രസിഡന്‍റിന്‍റെ കടമ. ആ വ്യക്തിയെ ബാലറ്റിലൂടെ ജനങ്ങള്‍ തെരഞ്ഞെടുക്കും.

പ്രായം, ആക്രമണോത്സുകത, കോടതി വിധികള്‍-ഈ മൂന്നും ചേരുന്നതാണ് നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഫോര്‍മുല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ട്രംപും ഡമൊക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായി ബൈഡനും. ബൈഡന് പ്രായം അധികമായി എന്നാണ് ആക്രമണോത്സുകതയോടെ സംസാരിക്കുന്ന ട്രംപിന്‍റെ പരാതി. ട്രംപ് ജനാധിപത്യത്തിന് ചേരുന്ന വ്യക്തിയല്ലായെന്നാണ് ഉദാഹരണ സഹിതം ഡമൊക്രാറ്റുകള്‍ പറയുന്നത്.

ഇത്തവണ ഇരു പാര്‍ട്ടികളും ഒരേ പോലെ കോടതി വിധികളുടെ ഭാരവും പേറിയാണ് തെരഞ്ഞെടുപ്പ് സംവാദങ്ങളിലൂടെ നീങ്ങുന്നതെന്നാണ് വാസ്തവം.

ജോ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ നികുതി വെട്ടിപ്പും ലഹരി ഉപഭോഗം മറച്ചുവെച്ചു കൊണ്ട് തോക്ക് വാങ്ങിയെന്നുമായിരുന്നു കേസ്. കേസില്‍ ജൂറി ഹണ്ടറിനെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു. മറുവശത്ത് ട്രംപിനും വ്യത്യസ്തമായ കേസുകളില്‍ വിധികളുടെ നിര തന്നെയായിരുന്നു. അതില്‍ സാമ്പത്തിക രേഖകളില്‍ തിരിമറി നടത്തിയ കേസില്‍ ജൂറി ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു. അതിന്‍റെ നിരാശ സംവാദങ്ങളില്‍ ഉടനീളം ട്രംപിനെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ട്രംപിന് ആശ്വാസമായി ഒരു വിധി വന്നിരിക്കുന്നു.

പ്രസിഡന്‍റായിരിക്കെ എടുത്ത നടപടികളില്‍ ട്രംപിന് ഇമ്മ്യൂണിറ്റിയുണ്ടെന്നാണ് യുഎസ് സുപ്രീം കോടതിയുടെ വിധി. കഴിഞ്ഞ ആറു മാസത്തെ തിരിച്ചടികളെ മറന്ന് ട്രംപിന് ഉല്ലസിക്കാന്‍ മാത്രം പ്രാധാന്യമുണ്ട് ഈ വിധിക്ക്.

2020ലെ തെരഞ്ഞെടുപ്പിന് ശേഷം അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിച്ചെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള സ്‌പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിതിന്‍റെ കുറ്റാരോപണത്തെ തുടര്‍ന്നാണ് ഇമ്മ്യൂണിറ്റി ചര്‍ച്ചാവിഷയമായത്. തിങ്കളാഴ്ചയാണ് മുന്‍ പ്രസിഡന്‍റിന് ഇമ്മ്യൂണിറ്റിയുണ്ടെന്ന വിധി വന്നത്. ഔദ്യോഗിക നടപടികളിലായിരിക്കും ഈ സംരക്ഷണം ലഭിക്കുക. എന്നാല്‍ അനൗദ്യോഗിക നടപടികളില്‍ ഇമ്മ്യൂണിറ്റിയുണ്ടായിരിക്കില്ല. എന്നാലും ഇതിനെ ഒരു വിജയമായാണ് ട്രംപും കൂട്ടരും കാണുന്നത്.

"ഭരണഘടനയും ജനാധിപത്യവും നേടിയ വന്‍വിജയം. ഒരു അമേരിക്കനായതില്‍ ഞാന്‍ അഭിമാനിക്കുന്നു", ട്രംപ് ട്രൂത് സോഷ്യലില്‍ കുറിച്ചു.

കോടതിയുടെ ഈ തീരുമാനം ട്രംപിനെതിരെയുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് നവംബര്‍ വരെ തള്ളിപോകാന്‍ ഇടയാക്കും. ട്രംപിനോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്ന പ്രകാരം, ട്രംപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഈ കേസുകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകും.

എന്നാല്‍ രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോസഫ് ആര്‍ ബൈഡന് ഈ വിധി തിരിച്ചടിയാണ്. വിധി മറിച്ചായിരുന്നെങ്കില്‍ ട്രംപിനെ, ജനാധിപത്യത്തിന് അപകടമായ വ്യക്തിയെന്ന നിലയില്‍ ചിത്രീകരിക്കുന്നതിന് സാഹചര്യം ഒരുങ്ങുമായിരുന്നു.

"പ്രായോഗികമായ തലത്തില്‍ ഇന്നത്തെ വിധി പ്രകാരം ഒരു പ്രസിഡന്‍റ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് പരിധികളില്ലാതെയാവുന്നു. അടിസ്ഥാനപരമായി ഇതൊരു പുതിയ തത്ത്വമാണ്, അപകടകരമായൊരു കീഴ്‌വഴക്കം. ഒരിക്കല്‍ കൂടി ട്രംപിനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കണോ എന്ന് അമേരിക്കന്‍ ജനത തീരുമാനിക്കണം, പ്രത്യേകിച്ച് ഇഷ്ടം പ്രതി എന്തും ചെയ്യാന്‍ അയാളെ പ്രോത്സാപിച്ചിരിക്കുന്ന സാഹചര്യത്തില്‍", വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

2021 ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ട്രംപിനെതിരെ സെനറ്റില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം വന്നപ്പോള്‍ സെനറ്റില്‍ വോട്ട് ചെയ്തല്ല ക്രിമിനല്‍ നീതി സംവിധാനത്തിലൂടെയാണ് ശിക്ഷ വിധിക്കേണ്ടതെന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ എടുത്തത്. അതേ റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് ഇപ്പോള്‍ ട്രംപിനെ രണ്ടാം വട്ടം വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ട്രംപ് നല്‍കുന്ന വാഗ്ദാനമോ എക്‌സിക്യൂട്ടീവിന് പരമാധികാരവും. സുപ്രീം കോടതി വിധി കൂടിയായപ്പോള്‍ നിയമപരമായി തനിക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാനുള്ള അധികാരം ഒരു പ്രസിഡന്‍റിന് കൈവരുന്നു. ചരിത്രത്തില്‍ ഇത്തരമൊരു അധികാരം ഒരാളിലേക്ക് എത്തിയപ്പോഴൊക്കെ സ്വേച്ഛാധിപത്യം ജനാധിപത്യത്തെ അട്ടിമറിച്ചിട്ടുണ്ട്.

ഇനി വാദങ്ങള്‍ കേള്‍ക്കുന്നത് കീഴ്‌ക്കോടതിയാണ്. സുപ്രീം കോടതിയുടെ വിധിയെ കേസില്‍ എങ്ങനെ നിര്‍വചിക്കണമെന്ന തീരുമാനം കീഴ്‌ക്കോടതിയുടേതാണ്. തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസില്‍ പൂര്‍ണ്ണമായി കുറ്റവിമുക്തനാകുകയും 2024 തെരഞ്ഞെടുപ്പില്‍ ജയിക്കുകയും കൂടി ചെയ്താല്‍ ട്രംപ് തന്‍റെ വിധി സ്വയം എഴുതും. അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ വിധിയും.  ഇപ്പോള്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ചെലുത്തുന്ന 'സൂപ്പര്‍ രാജ്യ' സമ്മര്‍ദങ്ങള്‍ രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിലേക്കും പ്രവേശിക്കും. ഈ 'സൂപ്പര്‍' പ്രസിഡന്‍റിലൂടെ.

ട്രംപോ? ബൈഡനോ? അത് മാത്രമാണ് ഇനി ചോദ്യം.

SCROLL FOR NEXT