NEWSROOM

ജ്വല്ലറി തട്ടിപ്പിനിരയായി വടകരയില്‍ പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നത് നൂറിലേറെ പേര്‍; ഇതുവരെ നഷ്ടമായത് 9.5 കോടി രൂപ

പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പ് നടത്തിയവര്‍ വിദേശത്തേക്ക് കടന്നത് അന്വേഷണം മന്ദഗതിയിലാക്കിയിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്


ജ്വല്ലറി തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നൂറിലേറെ സാധാരണക്കാരാണ് ദിവസേന കോഴിക്കോട് വടകര പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതികളില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പ് നടത്തിയവര്‍ വിദേശത്തേക്ക് കടന്നത് അന്വേഷണം മന്ദഗതിയിലാക്കിയിരിക്കുകയാണ്. നൂറിലധികം ആളുകള്‍ക്കായി 9.5 കോടി രൂപയാണ് നഷ്ടമായത്. വടകരയ്ക്ക് പുറമെ പേരാമ്പ്രയിലും പരാതികളുണ്ട്.

വടകര സ്വദേശി ജമീലക്കും കുടുംബത്തിനും 40 ലക്ഷം രൂപയാണ് തട്ടിപ്പിനിരയായി നഷ്ടമായത്. 2018 ല്‍ പണം നല്‍കി. ആദ്യ വര്‍ഷങ്ങളില്‍ ജ്വല്ലറി നടത്തിപ്പുകാരുടെ പ്രവര്‍ത്തനങ്ങള്‍ വിശ്വാസ യോഗ്യമായിരുന്നു എന്ന് ജമീല പറയുന്നു.

വടകര സ്വദേശി ബുഷറ നല്‍കിയത് 12 ലക്ഷം രൂപ. 2021 വരെ പ്രതിമാസം ലാഭ വിഹിതം എന്ന നിലയില്‍ കുറഞ്ഞ തുക തിരികെ ലഭിച്ചിരുന്നു. അപ്പോളോ ജ്വല്ലറി, അപ്പോളോ ഗോള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ച സാധാരണക്കാരാണ് തട്ടിപ്പിനിരയായത്.

ഇരകള്‍ കര്‍മ സമിതി രൂപീകരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങിയെങ്കിലും ജ്വല്ലറി നടത്തിയവര്‍ വിദേശത്തേക്ക് കടന്നതോടെ അന്വേഷണം വഴിമുട്ടി. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഓരോ നിക്ഷേപകനും ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് നഷ്ടമായത്.

ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പാക്കാനായി മധ്യസ്ഥ ശ്രമങ്ങളും ഇതിനിടെ നടന്നിരുന്നു. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പരാതിയുമായി മുന്നോട്ട് പോകാതെ നില്‍ക്കുന്നവരുമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാവാത്തതിനാല്‍ അന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

SCROLL FOR NEXT