NEWSROOM

അഞ്ച് കോടി നൽകുക, അല്ലെങ്കിൽ മാപ്പ് പറയുക; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി

ഒരാഴ്ചയ്ക്കുള്ളിൽ സൽമാന് ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണ് ഇത്

Author : ന്യൂസ് ഡെസ്ക്

നടൻ സൽമാൻ ഖാനെതിരെ വീണ്ടും മുംബൈ പൊലീസിന് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണ് സന്ദേശമെന്നാണ്
സൂചന. മാപ്പ് പറയുക, അല്ലെങ്കിൽ അഞ്ച് കോടി നൽകുക എന്നീ രണ്ട് ഉപാധികളാണ് നടന് മുന്നിൽ ഉള്ളതെന്ന് സംഘം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സൽമാന് ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണ് ഇത്.

കഴിഞ്ഞ ദിവസം രാത്രി മുംബൈ പൊലീസ് ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നതെന്നും, സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ  കൃഷ്ണ മൃഗത്തെ കൊന്നതിന് ഞങ്ങളുടെ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണമെന്നും, അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ട്രാഫിക് കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

ഈ രണ്ട് ഉപാധികൾക്കും സമ്മതമല്ലെങ്കിൽ ഞങ്ങൾ സൽമാൻ ഖാനെ വധിക്കും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഭീഷണി സന്ദേശത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ആഴ്ച, ഒക്ടോബർ 30 നാണ്, മുംബൈ ട്രാഫിക് കൺട്രോൾ റുമിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഖാനെതിരെ സമാനമായ ഭീഷണി ലഭിച്ചത്.

അതേസമയം, നടൻ സൽമാൻ ഖാനും, വെടിയേറ്റ് മരിച്ച എൻസി നേതാവ് ബാബ സിദ്ദിഖിൻ്റെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിനെതിരെയും വധഭീഷണി മുഴക്കിയ 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ പൊലീസ് നോയിഡയിൽ നിന്നാണ് പ്രതിയായ ഗുഫ്രാൻ ഖാനെ പിടികൂടിയത്.

നേരത്തെ ജംഷഡ്പൂരിലെ പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹുസൈൻ ഷെയ്ഖ് മൗസിൻ എന്ന 24 കാരനെയും സമാന സംഭവത്തിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശമയച്ചതിനാണ് അറസ്റ്റ്. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്‌സ്ആപ്പ് ഹെൽപ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് പല തവണ വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലിൽ നടൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു. ഭീഷണിയെ തുടർന്ന് താരത്തിൻ്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT