NEWSROOM

'പുതിയ സഭ സ്ഥാപിക്കാനുള്ള വിമതരുടെ നീക്കങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണം': അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ

ഏകീകൃത കുർബാനക്കെതിരെ സമരം ചെയ്യുന്നവർ മാർപാപ്പയുടെ അധികാരത്തെയാണ് വെല്ലുവിളിക്കുന്നതെന്നും ബിഷപ്പ് ബോസ്കോ പുത്തൂർ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

പുതിയ സഭ സ്ഥാപിക്കാനുള്ള വിമതരുടെ നീക്കങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതർക്കാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മുന്നറിയിപ്പ് നൽകിയത്.

മാർപാപ്പയെ അനുസരിക്കാത്തവർക്ക് മാർപാപ്പയുടെ കീഴിൽ പുതിയ സഭ സ്ഥാപിക്കാൻ കഴിയില്ല. ഏകീകൃത കുർബാനക്കെതിരെ സമരം ചെയ്യുന്നവർ മാർപാപ്പയുടെ അധികാരത്തെയാണ് വെല്ലുവിളിക്കുന്നതെന്നും ബിഷപ്പ് ബോസ്കോ പുത്തൂർ ആരോപിച്ചു. സഭാ നേതൃത്വത്തിനെതിരെ സമരം ചെയ്യുന്ന വിമത വൈദികരെ പിന്തുടരരുതെന്നും വിശ്വാസികൾക്ക് ബിഷപ്പ് ബോസ്കോ പുത്തൂർ മുന്നറിയിപ്പ് നൽകി.


അതേസമയം, ഏകീകൃത കുർബാന അർപ്പിക്കുമെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രം തിരുപ്പട്ടം സ്വീകരണത്തിന് അനുമതി നല്‍കുവെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂര്‍ അറിയിച്ചിരുന്നു. ഞായറാഴ്ചകളിൽ ഒരു ഏകീകൃത കുർബാനയെങ്കിലും അര്‍പ്പിക്കുന്നതിന് വൈദികർക്കുള്ള ഇളവ് താത്ക്കാലികമാണെന്നും ഈ താത്ക്കാലിക ഇളവ് ആനുകൂല്യമോ അവകാശമോ അല്ലെന്നും ബിഷപ് ബോസ്കോ പുത്തൂർ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഇളവ് നവവൈദികര്‍ക്ക് ഉണ്ടായിരിക്കില്ലെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT