വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ദിലീഷിനെയും യുവതിയുടെ കാണാതായ മകളെയും കണ്ടെത്തി. ഒൻപതു വയസുകാരിക്കൊപ്പം സമീപത്തെ തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി ദിലീഷ്. വാകേരി സ്വദേശി പ്രവീണയാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.
കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അപ്പപ്പാറയിൽ ഇന്നലെ രാത്രിയാണ് അരുംകൊല നടക്കുന്നത്. ആക്രമണത്തിന് ശേഷം ദിലീഷ് ഒൻപതു വയസുകാരിക്കൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരെയും സമീപത്തെ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. തിരുനെല്ലി ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെയും കുട്ടിയേയും തിരുനെല്ലി സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
ഭർത്താവ് സുധീഷുമായി അകന്നു കഴിയുകയായിരുന്ന പ്രവീണ, മക്കളായ അനർഘ (14), അബിന (9) എന്നിവർക്കൊപ്പം വാകേരിയിൽ താമസിച്ചു വരികയായിരുന്നു. പ്രവീണയ്‌ക്കൊപ്പം മകൾ അനർഘയെയും പ്രതി ആക്രമിച്ചിട്ടുണ്ട്. അനർഘയുടെ കഴുത്തിലും ചെവിയിലുമാണ് ഇയാൾ വെട്ടിപരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അനർഘയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.