ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കസേര സംരക്ഷിക്കാനുള്ള ബജറ്റ് എന്ന പ്രതിപക്ഷ ആരോപണം രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ചു. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മുതലാളിമാരെ പ്രീതിപ്പിക്കുകയും ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക പകര്‍ത്തിവെക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ സംഖ്യകക്ഷികള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി, സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാതൊന്നും ബജറ്റിലില്ലെന്നുമാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. മുന്‍ ബജറ്റുകളും കോണ്‍ഗ്രസ് പ്രകടനപത്രികയും കോപ്പിയടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു.
Also Read:
ധനമന്ത്രി കോണ്‍ഗ്രസ് പ്രകടനപത്രിക വായിച്ചിട്ടുണ്ടെന്ന് മനസിലായി; ആ സ്കീമുകള്‍ കോപ്പിയടി: കോണ്‍ഗ്രസ്
ബജറ്റില്‍ പ്രഖ്യാപിച്ച അപ്രന്റീസ്ഷിപ്പ് സ്‌കീം കോണ്‍ഗ്രസ് പ്രകടന പത്രിക പകര്‍ത്തിയതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരവും ആരോണം ഉന്നയിച്ചിരുന്നു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനപത്രിക ധനമന്ത്രി വായിച്ചിട്ടുണ്ടെന്ന് മനസ്സിലായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.