NEWSROOM

ഐഫോൺ ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് വിൽപ്പനയ്‍ക്കെത്തും

പുത്തൻ ഫീച്ചറുകളുമായി അവതരിപ്പിച്ച ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് വിൽപ്പനയ്ക്കെത്തും. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളിലാണ് ആപ്പിൾ ഐഫോൺ 16 ലൈനപ്പ് ഇന്ന് വിൽപ്പനക്കെത്തുന്നത്

Author : ന്യൂസ് ഡെസ്ക്



ഐഫോൺ ആരാധകർ കാത്തിരുന്ന ദിനമാണ് ഇന്ന്. പുത്തൻ ഫീച്ചറുകളുമായി അവതരിപ്പിച്ച ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് വിൽപ്പനയ്ക്കെത്തും. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളിലാണ് ആപ്പിൾ ഐഫോൺ 16 ലൈനപ്പ് ഇന്ന് വിൽപ്പനക്കെത്തുന്നത്. വിപണിയിലെത്തുന്ന ആദ്യ ദിനം തന്നെ ഏറ്റവും പുതിയ ഐഫോൺ സ്വന്തമാക്കാനെത്തിയവരുടെ തിക്കും തിരക്കുമാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറിന് പുറത്ത്.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് വിൽപ്പനയ്ക്കെത്തുന്നത്. ശക്തിയേറിയ പുതിയ എ18 ചിപ്പ്‌. പുതിയ ക്യാമറ കൺട്രോൾ ബട്ടൻ. അലുമിനിയം ഗ്രേഡ് ഫിനിഷ്, ഗ്ലാസ് സെറാമിക് ഡിസ്പ്ലേ, ഐപി 68 റേറ്റിങ്ങും തുടങ്ങിയ ആകർഷകമായ രൂപകൽപനയിലാണ് ഐഫോൺ 16 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. 48 എംപി ഫ്യൂഷൻ ക്യാമറയും, 12 എംപി അൾട്രാ വൈഡ് ക്യാമറയുമാണ് ഐഫോൺ 16 സ്റ്റാന്റേർഡ് മോഡലുകൾക്കുള്ളത്. അഞ്ച് കളർ ഫിനിഷുകളിലെത്തുന്ന ഫോണുകൾ എയറോസ്‌പേസ് ഗ്രേഡ് അലൂമിനിയത്തിലാണ് നിർമിച്ചിട്ടുള്ളത്. ആപ്പിൾ ഇന്റലിജൻസിലൂടെ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാനാകും.

ബേസ് മോഡലുകളായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിലാണ് പ്രകടമായ മാറ്റങ്ങളുള്ളത്. ഐഫോൺ 16 ന്റെ 128 ജിബി വേർഷന് 79,900 രൂപയും ഐഫോൺ 16 പ്ലസിന്റെ 128 ജിബി വേർഷന് 89,900 രൂപയുമാണ് വില. ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും വലിയ ഐഫോൺ സ്‌ക്രീനാണ് ഐഫോൺ 16 പ്രോയ്ക്കുള്ളത്. 48 എംപി ഫ്യൂഷൻ ക്യാമറ, 48 എംപി അൾട്രാ വൈഡ് ക്യാമറ, 5 എക്‌സ് 12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറാ സംവിധാനവുമുണ്ട്. ഐഫോൺ 16 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോൺ 16 പ്രോ മാക്‌സിന് 1,44,900 രൂപയുമാണ് വില.

SCROLL FOR NEXT