NEWSROOM

IMPACT | പാലക്കാട് ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റിന്‍റെ നിയമനം: ഉടന്‍ അന്തിമ അനുമതി നല്‍കുമെന്ന് വീണാ ജോർജ്

സർക്കാർ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം നല്ല രീതിയിൽ കൂടുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് ഇല്ലാത്ത പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കാർഡിയോളജിസ്റ്റ് ഡോക്ടർക്കുള്ള അനുമതി ഉടൻ നൽകുമെന്ന് മന്ത്രി അറിയിച്ചു. ന്യൂസ്‌ മലയാളം വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം ആരോഗ്യ - ധന വകുപ്പുകൾ ചേർന്ന് അന്തിമമാക്കിയെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നിയമസഭയിലും വിഷയം പറഞ്ഞിട്ടുണ്ടെന്നും ഉടൻ അന്തിമ അനുമതി ഉണ്ടാകുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.  പാലക്കാട്‌ ജില്ലാ ആശുപത്രിയെ നിരവധി പേർ ആശ്രയിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം നല്ല രീതിയിൽ കൂടുന്നുവെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

കഴിഞ്ഞ ജനുവരി 28ന്, പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോയ ചീഫ് കാർഡിയോളജിസ്റ്റിനെ, പാലക്കാട് തന്നെ നിലനിർത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. എന്നാല്‍ കത്തിൽ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇതോടെ മാർച്ച് 12ന് ഒരു കത്തുകൂടി അയച്ചു. പുതിയ കത്തിൽ ചീഫ് കാർഡിയോളജിസ്റ്റിനെയും, ജോലി ക്രമീകരണത്തിന്റെ ഭാഗമായി എറണാകുളത്തേക്ക് പോയ കൺസൾട്ടന്റിനെയും തിരികെ വേണമെന്നും, ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും വിശദീകരിച്ചു. രണ്ടു കത്തും ആരോഗ്യ വകുപ്പ് അവഗണിക്കുകയായിരുന്നു.

ഇതിനിടയിൽ കാർഡിയോളജി ഡോക്ടറെ, ആശുപത്രി വികസന സമിതി മുഖാന്തരം നിയമിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംഒ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രി വികസന സമിതിക്ക് ഒരാൾക്ക് കൊടുക്കാവുന്ന ശബള പരിധി 60,000 രൂപ ആണെന്നിരിക്കെ നിർദേശം അപ്രായോഗികമാണെന്ന് വ്യക്തം. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടി ഇടപെട്ടിട്ടും വിഷയത്തില്‍ നടപടിയുണ്ടായില്ല. വാർത്ത വന്നതിനു പിന്നാലെയാണ് നിയമനത്തിൽ അന്തിമ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ആരോ​ഗ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

SCROLL FOR NEXT