NEWSROOM

ഡൽഹിയിലെ വായു നിലവാരത്തിൽ നേരിയ പുരോഗതി; കനത്ത മൂടൽമഞ്ഞ് തുടരുന്നു, മഴയ്ക്ക് സാധ്യത

വായു നിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടുവെങ്കിലും, 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിൽ വായുനിലവാര സൂചികയിൽ നേരിയ പുരോ​ഗതി. വായു നിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടുവെങ്കിലും, 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 327 ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് ഉൾപ്പടെയുള്ള ഡൽഹിയുടെ സമീപ പ്രദേശങ്ങളും 201നും 222നും ഇടയിലുള്ള എക്യുഐകളോടെ 'മോശം' വിഭാഗത്തിലാണ് ഉള്ളത്. വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ, ജിആർഎപി (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) മൂന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 11ന് ദേശീയ തലസ്ഥാനത്ത് എക്യുഐ 400 കടന്നിരുന്നു. അലിപൂർ, ബവാന, അശോക് വിഹാർ, ഐടിഒ, ജഹാംഗീർപുരി, മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം, പട്പർഗഞ്ച്, മുണ്ട്ക, നെഹ്‌റു നഗർ, പൂസ, ആർകെ പുരം, വസീപൂർ, വിവേക് ​​വിഹാർ ഉൾപ്പെടെ നിരവധി സമീപ പ്രദേശങ്ങളിൽ 450ന് മുകളിൽ എക്യുഐയും രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ഉത്തരേന്ത്യയിൽ അതിശൈത്യം കടുക്കുകയാണ്. ഡൽഹിയിൽ ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. ദൃശ്യപരിധി കുറഞ്ഞതിനാൽ ഗതാഗത സംവിധാനങ്ങളുടെ താളം തെറ്റി. നിരവധി വിമാന, ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചു. 25 ട്രെയിനുകൾ വൈകിയോടുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ദേശീയ തലസ്ഥാനത്ത് നേരിയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് വായുവിൻ്റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

SCROLL FOR NEXT