NEWSROOM

അജിത് മുതല്‍ മഹേഷ് ബാബു വരെ; ഗജിനിയിലെ നായകനെ വേണ്ടെന്നു വെച്ചത് പന്ത്രണ്ടോളം താരങ്ങള്‍

സൂര്യയ്ക്ക് മുമ്പ് സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമാകാന്‍ സംവിധായകന്‍ പന്ത്രണ്ട് നടന്മാരെ സമീപിച്ചിരുന്നു. ഇതില്‍ തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടും

Author : ന്യൂസ് ഡെസ്ക്

എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സൂര്യയും അസിനും ചേര്‍ന്ന് അഭിനയിച്ച ഗജിനി. തമിഴില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം പിന്നീട് ബോളിവുഡില്‍ ആമിര്‍ ഖാനും അതേ പേരില്‍ റീമേക്ക് ചെയ്ത് അഭിനയിച്ചിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഗജിനി.

ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു. ബോളിവുഡില്‍ ചിത്രം റീമേക്ക് ചെയ്തപ്പോഴും നായികയായി എത്തിയത് അസിന്‍ തന്നെയായിരുന്നു. ഗജിനിയില്‍ സൂര്യയ്ക്കു പകരം മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ? എന്നാല്‍, സംവിധായകന്‍ എ.ആര്‍. മുരുഗദോസ് ചിത്രത്തിലെ നായകനാകാന്‍ സമീപിച്ച ഏറ്റവും ഒടുവിലത്തെ നടനായിരുന്നുവത്രേ സൂര്യ. സൂര്യയ്ക്കു മുമ്പ് മുരുഗദോസ് സമീപിച്ച നടന്മാരെല്ലാം ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു.

സൂര്യയ്ക്ക് മുമ്പ് സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമാകാന്‍ സംവിധായകന്‍ പന്ത്രണ്ട് നടന്മാരെ സമീപിച്ചിരുന്നു. ഇതില്‍ തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടും. അജിത്, മാധവന്‍, മഹേഷ് ബാബു എന്നിവരെയാണ് സംവിധായകന്‍ ആദ്യം സമീപിച്ചത്. ഇവരെല്ലാം കൈവിട്ട വേഷമാണ് ഒടുവില്‍ സൂര്യയെ തേടിയെത്തിയത്.

സഞ്ജയ് രാമസ്വാമിയുടെ വേഷം ചെയ്യാന്‍ മുരുഗദോസ് സമീപിച്ചിരുന്നതായി മാധവന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സൂര്യയുമായുള്ള സംഭാഷണത്തിലാണ് മാധവന്‍ ഇക്കാര്യം പറഞ്ഞത്. ഗജിനിക്കു വേണ്ടി മുരുഗദോസ് തന്നെ സമീപിച്ചിരുന്നു. എന്നാല്‍, സിനിമയുടെ രണ്ടാം പകുതി തനിക്ക് ഇഷ്ടപ്പെടാത്തതിനാല്‍ സിനിമ വേണ്ടെന്നു വെക്കുകയായിരുന്നു. എന്നാല്‍, പിന്നീട് സൂര്യ ഈ കാഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും മാധവന്‍ പറഞ്ഞു.

'ഒരുപാട് നായകന്മാരെ സമീപിച്ചതിനു ശേഷമാണ് ഗജിനി താങ്കളെ തേടിയെത്തിയത്. സിനിമ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാഖ കാഖയിലെ താങ്കളുടെ പ്രകടനം ഞാന്‍ കണ്ടതാണ്. ഗജിനിയിലെ കഥാപാത്രം അര്‍ഹിച്ച ആളില്‍ തന്നെയാണ് എത്തിയതെന്നാണ് സിനിമ കണ്ടപ്പോള്‍ എനിക്കു തോന്നിയത്. താങ്കള്‍ ആ കഥാപാത്രത്തെ മനോഹരമാക്കി'. മാധവന്റെ വാക്കുകള്‍.

ഗജിനിക്കു വേണ്ടി സൂര്യ നടത്തിയ പ്രയത്‌നങ്ങളേയും മാധവന്‍ അഭിനന്ദിച്ചു. സൂര്യയുടെ കഠിനാധ്വാനം കണ്ട് അതുപോലെ തനിക്ക് ചെയ്യാനാകുമോ എന്ന് ചിന്തിച്ചിരുന്നുവെന്നും മാധവന്‍ പറഞ്ഞു.

7 കോടി ബജറ്റിലാണ് തമിഴില്‍ ഗജിനി നിര്‍മിച്ചത്. ചിത്രം 50 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്. ഹിന്ദിയില്‍ ആമിര്‍ ഖാന്‍ 65 കോടി മുടക്കിയാണ് സിനിമയെടുത്തത്. ബോളിവുഡിലെ ആദ്യത്തെ നൂറ് കോടി ചിത്രം കൂടിയായിരുന്നു ഗജിനി.

SCROLL FOR NEXT