2026 ഫുട്ബോൾ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചതിന് പിന്നാലെ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ലോക ചാംപ്യന്മാരായ അർജൻ്റീന. അർജൻ്റീനയിലെ ബ്യൂണസ് ഐറിസിൽ സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും ഇല്ലാതെയാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടിയത്.
നായകൻ മെസ്സി ഇല്ലെങ്കിലും ആക്രമണത്തിൻ്റെ കാര്യത്തിൽ തങ്ങളെ വെല്ലാൻ ബ്രസീലിന് ശേഷിയില്ലെന്ന് തെളിയിക്കാൻ അർജൻ്റീനയ്ക്കായി. അർജൻ്റീന ആദ്യ പകുതിയിൽ തന്നെ 3-1ന് മുന്നിലെത്തിയിരുന്നു. ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
അർജൻ്റീനയ്ക്കായി ജൂലിയൻ അൽവാരസ് (4), എൻസോ ഫെർണാണ്ടസ് (12), അലക്സിസ് മാക് അലിസ്റ്റർ (37), ജൂലിയാനോ സിമിയോണി (71) എന്നിവർ ഗോൾ നേടിയപ്പോൾ, കാനറിപ്പടയ്ക്കായി മാത്യൂസ് കുൻഹ (26) ആശ്വാസ ഗോൾ നേടി. അർജൻ്റീനയോട് തോറ്റതോടെ ബ്രസീൽ ലോകകപ്പ് യോഗ്യതയ്ക്കായി ഇനിയും കാത്തിരിക്കണം.