തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായി ലയണൽ മെസ്സിയുടെ അർജൻ്റീന. കോപ്പ അമേരിക്ക ഫൈനലിൽ മത്സരത്തിൻ്റെ എക്സ്ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ, ലൗട്ടാരോ മാർട്ടിനസ് നേടിയ ഒരു ഗോളിനാണ് നീലപ്പട വീണ്ടും ജയം പിടിച്ചെടുത്തത്. എക്സ്ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് നീലപ്പട വീണ്ടും ജയം നേടിയത്. 112ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസാണ് വിജയഗോൾ നേടിയത്. അർജൻ്റീനയുടെ കരിയറിലെ 16ാമത്തെ കോപ്പ അമേരിക്ക കിരീടമാണിത്.
പാതിവഴിയിൽ ഇതിഹാസ താരം ലയണൽ മെസ്സിയെ പരിക്കുമൂലം നഷ്ടമായിട്ടും മനോവീര്യം നഷ്ടപ്പെടാതെ നീലപ്പട കിരീടത്തിൽ മുത്തമിടുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതി തുടങ്ങി മത്സരം 64 മിനിറ്റായപ്പോഴാണ് ലോകമെമ്പാടുമുള്ള അർജൻ്റീനൻ ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ സങ്കട നിമിഷം വന്നെത്തിയത്. മെസ്സി കണങ്കാലിന് പരിക്കേറ്റ് പുറത്താവുകയയായിരുന്നു. കണ്ണീരോടെയാണ് സൂപ്പർ താരം കളം വിട്ടത്. കളത്തിന് പുറത്തും മെസ്സി കണ്ണീരൊഴുക്കുന്ന കാഴ്ച ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു.
മെസ്സിയുടെ കരിയറിലെ 45ാമത് കിരീടമാണിത്. കോപ്പ കിരീടത്തോടെ എയ്ഞ്ചൽ ഡി മരിയ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടവാങ്ങുന്നതും ആരാധകർക്ക് ആശ്വാസമേകുന്ന കാഴ്ചയായി. മത്സരത്തിന് ശേഷം കണ്ണീരോടെ കാണികളോട് കൈവീശിക്കാണിച്ചാണ് ഡീമരിയ മടങ്ങിയത്. അവസാന മത്സരം ഗോൾ നേട്ടത്തോടെ അവസാനിപ്പിക്കാൻ താരത്തിനായില്ല. വിജയ ഗോൾ നേടിയ ലൗട്ടാറോ മാർട്ടിനസ് തന്നെയാണ് ടൂർണമെൻ്റിലെ ഗോൾഡൻ ബൂട്ട് വിന്നറായത്.
യുഎസിലെ മയാമിയിലുള്ള ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊളംബിയയായിരുന്നു ആക്രമണത്തിൽ മുന്നിട്ടു നിന്നത്. അവർ അർജൻ്റീനൻ ഗോൾമുഖത്തേക്ക് 19 തവണ ഷോട്ടുകൾ ഉതിർത്തെങ്കിലും, അതിൽ നാലെണ്ണം മാത്രമായിരുന്നു ഓൺ ടാർഗറ്റായിരുന്നത്. പന്ത് കൈവശം വെക്കുന്ന കാര്യത്തിലും കൊളംബിയയായിരുന്നു ഒരു പടിക്ക് മുന്നിൽ. മെസ്സിയില്ലാതെ 46 മിനിറ്റോളം കളിച്ചിട്ടും കൊളംബിയൻ ആക്രമണങ്ങളുടെ മുനയൊടിക്കാൻ സ്കലോണിയുടെ പിള്ളേർക്കായി.