ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി തുടർന്നേക്കും. ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ ഗവർണർ പദവിയിൽ നിന്ന് മാറ്റാൻ കേന്ദ്ര സർക്കാരിനും താല്‍പര്യമില്ലെന്നാണ് സൂചന.
ഗവർണർ പദവിക്ക് സമയപരിധിയില്ലെങ്കിലും കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ മാറ്റുകയാണ് കേന്ദ്രസർക്കാരിന്‍റെ പതിവ്. എന്നാൽ ആരിഫ് മുഹമ്മദ് ഖാനോട് അതല്ല സമീപനം. എല്‍ഡിഎഫ് സർക്കാരിനെ പല വിഷയങ്ങളിലും പ്രതിസന്ധിയിലാക്കിയത് തന്നെയാണ് ഇതിനു കാരണം. സംസ്ഥാന സർക്കാരുമായി സർവകലാശാല വിഷയം മുതല്‍ ഏറ്റവും ഒടുവില്‍ വിസിമാരുടെ നിയമനം വരെ കൊമ്പ് കോർത്തിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.
പുതിയ ഗവർണറെ തീരുമാനിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ നിന്നും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. പുതിയ ഗവർണറെ നിയമിക്കുന്നത് വരെ ആരിഫ് മുഹമ്മദ് ഖാന് തുടരാം. ആഴ്ചകൾക്ക് മുമ്പ് തന്നെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ തുടരാനുള്ള സന്നദ്ധത ആരിഫ് അറിയിച്ചെന്നാണ് വിവരം. സെപ്റ്റംബർ അവസാനം വരെ നിരവധി പരിപാടികളും സംസ്ഥാനത്ത് ഗവർണർ ഏറ്റെടുത്തിട്ടുണ്ട്.