ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം. നാളെ ആറ് മണിക്ക് ദൗത്യം പുനരാരംഭിക്കുമെന്നും ദൗത്യസംഘം അറിയിച്ചു. എന്നാൽ അർജുനായുള്ള അന്വേഷണം നീളുമെന്നാണ് സൈന്യത്തിന്റെ നിഗമനം. കാലാവസ്ഥ പ്രതികൂലമാകുന്നതും, പുഴയിലെ അടിയൊഴുക്കും കാരണം നിലവിൽ പുഴയിലിറങ്ങാനുള്ള സാഹചര്യം ഇല്ലെന്നും സൈന്യം വ്യക്തമാക്കി.
കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ തെരച്ചിൽ നീളുമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയും അറിയിച്ചു. നാവികർക്ക് സുരക്ഷിതമായി നദിയിലിറങ്ങാനുള്ള സാഹചര്യം ഉണ്ടാവണം. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കേണ്ടിവരുമെന്നും കളക്ടർ അറിയിച്ചു. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡ്രൈവർമാർക്ക് ഇറങ്ങാൻ ആകില്ല. കാത്തിരിക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
നിലവിൽ മൂന്ന് സ്ഥലത്ത് നിന്നാണ് സിഗ്നൽ കിട്ടിയത്. ഏറ്റവും കൂടുതൽ സിഗ്നൽ കിട്ടിയ മൂന്നാം സ്പോട്ടിൽ ട്രക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവിടെയാണ് പരിശോധന നടത്തുകയെന്നും ദൗത്യസംഘം നേരത്തെ അറിയിച്ചിരുന്നു. മൂന്നാമത്തെ സ്പോട്ടിൽ നിന്ന് അഞ്ച് മീറ്റർ താഴ്ചയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ലോറിയുടെ ക്യാബിൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സേനകൾ കണ്ടെത്തിയ സ്ഥലത്ത് തന്നെ ഐ ബോഡ് സിഗ്നൽ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഉള്ളിൽ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യസാന്നിധ്യമുണ്ടോ എന്നുള്ള പരിശോധന ഇനിയും തുടരും. അതേഅസമയം ലോറിയുടെ ക്യാബിൻ മാത്രമായി ഇളകിപോകാൻ സാധ്യത കുറവാണെന്നാണ് ബെൻസ് കമ്പനി അറിയിച്ചത്.
റോഡിൽ നിന്ന് 50 മീറ്റർ ദൂരത്തിലും വെള്ളത്തിൽ അഞ്ച് മീറ്റർ താഴ്ചയിലുമാണ് ലോറിയുള്ളത്. ട്രക്ക് ക്യാബിനിൽ 17,000 ലിറ്റർ ഓക്സിജനാണുള്ളത്. അതുകൊണ്ട് ആറ് ദിവസം വരെ ക്യാബിനിൽ ജീവിക്കാം. എന്നാൽ അർജുൻ അകത്താണോ പുറത്താണോ ഉള്ളതെന്നാണ് നിർണായകമെന്നും ദൗത്യസംഘം അറിയിച്ചു.