കേരളത്തിന്റെ നൊമ്പരമായിമാറിയ അര്‍ജുന്‍ ഒടുവില്‍ വിടപറഞ്ഞ് യാത്രയായി. 71 ദിവസത്തിനുള്ളില്‍ ഓരോ മലയാളിയുടേയും ആരൊക്കെയോ ആയി അര്‍ജുന്‍ മാറിയിരുന്നു. വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയ്ക്ക് അർജുൻ്റെ സഹോദരനും മകന്‍ അയാനും ചേർന്ന് തീ കൊളുത്തി.
നിരവധി പേരാണ് കണ്ണാടിക്കലിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ജനപ്രതിനിധികളും ഉണ്ടായിരുന്നു. അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കി. കാര്‍വാര്‍ എംഎല്‍എയാണ് കുടുംബത്തിന് തുക കൈമാറിയത്.
മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് രാവിലെ ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ അമരാവതി എന്ന വീട്ടിലേക്ക് എത്തിയത്. ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്രയും. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും സുഹൃത്തുക്കളും പലനാടുകളില്‍ നിന്ന് എത്തിയവരും അന്തിമോപചാരം അര്‍പ്പിച്ചു.
രാവിലെ ആറ് മണിയോടെ അർജുനെ വഹിച്ചുള്ള വാഹനം അഴിയൂരും കടന്ന് കോഴിക്കോട് പ്രവേശിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനും, ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാറിന് വേണ്ടി ജില്ലാ അതിർത്തിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി. വികാര നിര്‍ഭരമായ മുദ്രാവാക്യം വിളികളോടെയായിരുന്നു അർജുനെ നാട് ഏറ്റുവാങ്ങിയത്.
പൂളാടിക്കുന്ന് മുതല്‍ വിലാപയാത്രയായി അർജുന് പിന്നാലെ ജനസാഗരം അണിനിരന്നു. കണ്ണാടിക്കല്‍ മുതല്‍ കാല്‍നടയായാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. അര്‍ജുന്റെ സുഹൃത്തുക്കളും, നാട്ടുകാരും ലോറിത്തൊഴിലാളികളും ഉൾപ്പെടെ വിലാപയാത്രയെ അനുഗമിച്ചു.
വൻജനാവലിയാണ് യാത്രാമൊഴി നൽകാൻ അർജുന്റെ വീടായ അമരാവതിയിലേക്ക് ഒഴുകിയെത്തിയത്. മണിക്കൂറുകളോളം പൊരിവെയിലത്ത് വരിനിന്ന് ഓരോരുത്തരും അർജുനെ ഒരുനോക്ക് കണ്ടു.
വിട പ്രിയപ്പെട്ട അര്‍ജുന്‍.. നിങ്ങള്‍ കയ്യില്‍ കരുതിയ ആ കളിപ്പാട്ടം ആ മകന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമയുണ്ടാകും. തകര്‍ന്ന ലോറിയില്‍ നിന്നെടുത്തുവെച്ച തുണിക്കീറുകള്‍ ആ അനിയന് ഏത് തണുപ്പിലും കൂട്ടായുണ്ടാകും. നിങ്ങള്‍ക്ക് വേണ്ടി എവിടെയൊക്കെയോ ഇരുന്ന് പ്രാര്‍ഥിച്ചവര്‍, പോരാടിയവര്‍, ഈ ലോകത്ത് മനുഷ്യന്‍ എന്നത് ഇപ്പോഴും മനുഷ്യത്വമാണെന്ന് ഓര്‍മിപ്പിക്കും. ഗംഗാവലിയില്‍ നിങ്ങള്‍ മുങ്ങിപ്പോയ ആഴത്തിലുമപ്പുറം ഹൃദയത്തിന്റെ ആഴങ്ങളില്‍ നിങ്ങളുണ്ടാകും.