ഈശ്വർ മാൽപെ 
NEWSROOM

അടിയൊഴുക്ക് ശക്തം; അർജുനായുള്ള രക്ഷാദൗത്യത്തിൽ നിന്ന് പിന്മാറി ഈശ്വർ മാൽപെ

ശനിയാഴ്ച ഷിരൂരിലെത്തിയ മാൽപെ സംഘം നിരവധി തവണ പുഴയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ നിന്നു പിന്മാറുകയാണെന്ന് പ്രദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ദൗത്യം ദുഷ്കരമാണെന്നും നദയിലെ അടിയൊഴുക്കിനെ മറികടന്ന് രക്ഷാപ്രവർത്തനം സാധ്യമല്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു. അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിവസത്തിൽ എത്തിയപ്പോഴാണ് മാൽപെയുടെ പിന്മാറ്റം.

ശനിയാഴ്ച ഷിരൂരിലെത്തിയ മാൽപെ സംഘം നിരവധി തവണ പുഴയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിച്ചത്. നേരത്തെ നദിയിലേക്കിറങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തിലാണെന്ന് മാൽപെ പറഞ്ഞിരുന്നു. പുഴയുടെ അടിത്തട്ടിൽ മരങ്ങളും പാറക്കെട്ടുകളും ഉണ്ട്. വൈദ്യുതി ലൈനുകളും കണ്ടെത്തിയിരുന്നു. ഇതൊന്നും നീക്കാതെ ദൗത്യം മുന്നോട്ടുനീക്കാനാവില്ലെന്ന് മാൽപെ പറഞ്ഞിരുന്നു.

ഇതോടെ അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതുവരെയും ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോയെന്ന് കണ്ടെത്താനായിട്ടില്ല. അടുത്ത 21 ദിവസം പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം എങ്ങനെ നടത്തുമെന്നത് സംശയകരമാണ്.

SCROLL FOR NEXT