NEWSROOM

അര്‍ജുനിലേക്ക് ഇനി എത്ര ദൂരം? മുങ്ങല്‍ വിദഗ്ധര്‍ ലോറിക്ക് അരികിലേക്ക്

നദിക്കടിയില്‍ തലകീഴായി ചെരിഞ്ഞ നിലയിലാണ് ലോറിയുള്ളത്

Author : ന്യൂസ് ഡെസ്ക്

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ലോറി തിരിച്ചറിഞ്ഞ സ്ഥലത്ത് സ്‌കൂബ ഡൈവിങ് ടീം പരിശോധന ആരംഭിച്ചു. ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ ലോറി കിടക്കുന്ന സ്ഥലം മാര്‍ക്ക് ചെയ്തതാണ് ഏറ്റവും പുതിയ വിവരം. നദിക്കടിയില്‍ ചെരിഞ്ഞ നിലയിലാണ് ലോറിയുള്ളത്.

ലോറിയിലെ തടിയും കണ്ടെത്തിയിട്ടുണ്ട്. പിഎ1 എന്ന് രേഖപ്പെടുത്തിയ തടി തിരിച്ചറിഞ്ഞതായി ലോറി ഉടമ മനാഫ് അറിയിച്ചു. ലോറി കണ്ടെത്തിയ സ്ഥലത്തു നിന്നും 12 കിലോമീറ്റർ അകലെയാണ് തടി കണ്ടത്. തെരച്ചിലിനായി ഹെലികോപ്റ്ററും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്‌കൂബ ഡൈവിങ്ങിന്റെ ഏഴംഗ ടീമാണ് നദിയില്‍ തെരച്ചില്‍ നടത്തുന്നത്. ലോറിക്ക് അടുത്ത് എത്തിയാല്‍ അര്‍ജുന്‍ അകത്തുണ്ടോ എന്നാകും ആദ്യം നോക്കുക. 


ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വഴിത്തിരിവുണ്ടായ ദിനമാണ് കടന്ന് പോയത്. അപകടം നടന്ന് ഒമ്പത് ദിവസം പിന്നിട്ടപ്പോഴാണ് അര്‍ജുന്റെ ലോറി പുഴവക്കത്തെ മണ്‍ കൂനയ്ക്കകത്ത് ഉണ്ടെന്ന് തെരച്ചില്‍ സംഘം കണ്ടെത്തിയത്. മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി പൂര്‍ണമായും കരയിലേക്കെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.


SCROLL FOR NEXT