NEWSROOM

റഡാർ പോലും പരാജയപ്പെട്ടിടത്ത് വിജയത്തിലേക്ക് അടുപ്പിച്ച നിശ്ചയദാർഢ്യം: ഷിരൂർ ദൗത്യത്തിലെ ഒരേയൊരു 'ഈശ്വർ മാൽപ്പെ'

ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അവസാനഘട്ടത്തില്‍ പിന്മാറിയെങ്കിലും ദൗത്യത്തിലുനീളം ഈ ഉഡുപ്പിക്കാരന്‍റെ ഇടപെടലുകള്‍ ഫലം കണ്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

ഷിരൂര്‍ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ നിന്ന് അര്‍ജുന്‍റെ അവസാന ശേഷിപ്പുകള്‍ കണ്ടെടുക്കുമ്പോള്‍ എടുത്ത് പറയേണ്ട പേരാണ് മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മാല്‍പ്പെയുടേത്. അപകടം നടന്ന് 71 ദിവസങ്ങള്‍ പിന്നിടുന്ന വേളയില്‍ ലോറി കണ്ടെത്താനുള്ള ദൗത്യത്തില്‍ നിര്‍ണായകമായതും ഈശ്വര്‍ മാല്‍പ്പെയുടെ ഇടപെടുകള്‍ ആയിരുന്നു.രഞ്ജിത്ത് ഇസ്രായേലും സൈന്യവും നടത്തിയ ആദ്യ ഘട്ട തെരച്ചിലില്‍ ലോറിയെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. റഡാര്‍ പരിശോധന പോലും വിഫലമായിടത്താണ് ഈശ്വര്‍ മാല്‍പ്പെ അര്‍ജുനെ കണ്ടെത്താന്‍ സ്വമേധയാ തയ്യാറായത്. 

കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും കുത്തിയൊലിച്ചൊഴുകിയ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ അര്‍ജുന് വേണ്ടി ജീവന്‍ പണയംവെച്ച് ഈശ്വര്‍ മാല്‍പ്പെ തെരച്ചില്‍ നടത്തി.അര്‍ജുന്‍റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച ലോഹഭാഗങ്ങളും മരകഷ്ണങ്ങളും CP 2 ഭാഗത്ത് കണ്ടെത്തുന്നതിലും ഈശ്വര്‍ മാല്‍പ്പെയുടെ പങ്ക് നിര്‍ണായകമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ മുന്‍പ് ഒരിക്കലും ഇല്ലാതിരുന്ന പ്രതീക്ഷയാണ് ദൗത്യസംഘത്തിന് ലഭിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടവും അധികാരികളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് ഷിരൂര്‍ ദൗത്യത്തില്‍ ഇനി പങ്കെടുക്കാനില്ലെന്ന് ഈശ്വര്‍ മാല്‍പ്പെ മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍വാര്‍ എസ്‍പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പ്പെ ദൗത്യം അവസാനിപ്പിച്ച് മടങ്ങിയത്‌.

"നീ ഇവിടെ വലിയ ഹീറോ ആകേണ്ട എന്നൊക്കെയാണ് എസ്‍പി ഫോണിലൂടെ പറഞ്ഞത്. ഞാന്‍ ഹീറോ ആകാനൊന്നുമല്ല ഇവിടെ വന്നത്. എസ്‍പിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഒരുപാട് വിഷമമായി. ഒരു പൈസപോലും വാങ്ങാതെ തെരച്ചിലിനിറങ്ങുന്നത് ഹീറോ ആകാന്‍ വേണ്ടിയല്ല. അതിനാല്‍ ഹീറോ ആകാനില്ല, ഞാന്‍ പോവുകയാണെന്ന് അധികൃതരോട് പറഞ്ഞു. ഫോണ്‍ സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടിരുന്നു. ഇത്ര പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്ന് എനിക്കൊപ്പമുള്ളവര്‍തന്നെ ചോദിച്ചു. അതോടെയാണ് കേറിവന്നത്"- മാല്‍പ്പെ പറഞ്ഞു.

അർജുന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നിൽക്കാൻ വയ്യ. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഈശ്വർ മാൽപ്പെ വ്യക്തമാക്കിയിരുന്നു.

മാല്‍പെ എല്ലായ്‌പ്പോഴും ഭരണകൂടത്തെ കുറ്റം പറയുകയാണെന്നും ഫേസ്ബുക്കിലും യൂട്യൂബിലും ആരാധകരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുംആരോപിച്ച് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT