സൈന്യത്തിൻ്റെ മേൽനോട്ടത്തിൽ അർജുനായി പുനരാംരംഭിച്ച തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു. ഇന്ത്യൻ ആർമിയിൽ പൂർണ വിശ്വാസമുണ്ട്. രക്ഷാപ്രവർത്തനം നടത്തി വിജയച്ച നിരവധി സഹോദരന്മാര്‍ അവിടെയെത്തിയിട്ടുണ്ട്. എത്രയം പെട്ടെന്ന് അനുകൂലമായ വാർത്ത കേൾക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അർജുൻ്റെ സഹോദരി പറഞ്ഞു. ട്രക്ക് മണ്ണിനടിയിൽ തന്നെ ഉണ്ടാകുമെന്നാണ് വിശ്വാസം. കർണാടക റവന്യൂ വകുപ്പിൻ്റെ വാക്കുകളിൽ വിശ്വാസമില്ല. അവർ ഇത് പെട്ടന്ന് തീർന്ന് കിട്ടണം എന്ന് ആഗ്രഹിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും ഒന്നും സംഭവിക്കാൻ പാടില്ല. ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷ. എല്ലാ സാധ്യതകളും ഉപയോഗിച്ച് പരിശോധന നടത്തണമെന്നും അർജുനെ കണ്ടെത്താതെ അവർ തിരികെ വരില്ലെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
ഏഴാം ദിവസവും അർജുനായുള്ള തെരച്ചിൽ നടക്കുമ്പോഴും പ്രദേശത്തെ മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സൈന്യത്തിലെ മൂന്ന് വിദഗ്ധർ ഇന്ന് അപകടസ്ഥലത്തെത്തും. പതിനൊന്നു മണിയോടെ കുഴിബോംബ് ഉൾപ്പെടെ കണ്ടെത്തുന്ന ഉപകരണങ്ങൾ എത്തിക്കും.
കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാവാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ ആവർത്തിക്കുമ്പോഴും കരയിൽ പരിശോധന നടത്താനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി കരയിൽ ഇല്ലെന്ന് ഉറപ്പിക്കും വരെ പരിശോധന തുടരും. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ കോഴിക്കോട് മുക്കത്ത് നിന്നും 30 പേരടങ്ങുന്ന സന്നദ്ധസേന പ്രവർത്തകർ കർണാടക ഷിരൂരിലേക്ക് പുറപ്പെട്ടു. എൻ്റെ മുക്കം, കർമ ഓമശേരി, പുൽപറമ്പ് രക്ഷാസേന എന്നീ സന്നദ്ധസേന ഗ്രൂപ്പിലെ പ്രവർത്തകരാണ് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാകാൻ ഇറങ്ങിത്തിരിച്ചത്.