NEWSROOM

അർജുൻ്റെ ലോറിയുടെ സ്ഥാനം കണ്ടെത്തി? മണ്ണ് നീക്കിയുള്ള തെരച്ചില്‍ ഉടന്‍; നെഞ്ചിടിപ്പോടെ കേരളം

മലയിടിച്ചിലിനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ടെങ്കിലും സംഭവസ്ഥലത്ത് മണ്ണ് നീക്കിയുള്ള തെരച്ചില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ ദേശീയപാത 66ൽ അങ്കോളയ്‌ക്കടുത്തുള്ള ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറി ലൊക്കേറ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാതെ കർണാടകയിലെ എൻഐടി പരിശോധനാ സംഘം. ലോറിയുടെ കൃത്യമായ സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മണ്ണ് നീക്കിയ ശേഷം വീണ്ടും പരിശോധന നടത്തും. മണ്ണും ചെളിയുമുള്ളത് റഡാർ സിഗ്നൽ ലഭിക്കാൻ തിരിച്ചടിയാണെന്നും അധികൃതർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ്‌ കാണാതായത്‌. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിൽ അർജുൻ്റെ ലോറിയെന്ന് സംശയിക്കുന്ന ഒരു വസ്തു കണ്ടെങ്കിലും, അത് ലോറി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മലയിടിച്ചിലിനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ടെങ്കിലും സംഭവസ്ഥലത്ത് മണ്ണ് നീക്കിയുള്ള തെരച്ചില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. വെള്ളിയാഴ്ച രാവിലെയോടെയാണ് അർജുൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയത്.

അങ്കോള രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിച്ചുവെന്നും, കർണാടക സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, സാധ്യമായതെല്ലാം അവിടെ ചെയ്യുകയാണെന്നും ചീഫ് സെക്രട്ടറി വി. വേണു അറിയിച്ചു. "ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നുണ്ട്, ശുഭവാർത്ത കേൾക്കുമെന്ന പ്രതീക്ഷയാണുള്ളത്. കാലാവസ്ഥ അനുകൂലമായാൽ രക്ഷാപ്രവർത്തനം ഉടൻ പൂർത്തിയാക്കാൻ കഴിയും," വി. വേണു പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിനവും തുടരുകയാണ്. ബെംഗളൂരുവിൽ നിന്നാണ് തെരച്ചിലിനായുള്ള റഡാർ എത്തിച്ചത്. ഇടയ്ക്കിടെയുള്ള മഴയും വെളിച്ചക്കുറവും രക്ഷാദൗത്യം ദുഷ്കരമാക്കുന്നുണ്ട്. അർജുനോടൊപ്പം തമിഴ്നാട് സ്വദേശികളായ രണ്ട് ഡ്രൈവർമാരെക്കൂടി കണ്ടെത്തേണ്ടതുണ്ട്. കുന്നിനു താഴെയുള്ള കടയിലേക്കാണ് മണ്ണ് ഇടിഞ്ഞത്. മണ്ണിനടിയില്‍ അര്‍ജുനടക്കം 15 പേര്‍ കുടുങ്ങിക്കിടക്കുന്നു ഒരു കാറും ടാങ്കര്‍ ലോറിയും മണ്ണിനടിയിലാണ്. എട്ട് വര്‍ഷമായി ഈ റൂട്ടില്‍ സർവീസ് നടത്തുന്നയാളാണ് അര്‍ജുന്‍. ഇടയ്ക്ക് വിശ്രമിക്കാനായി വണ്ടി നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് ഇപ്പോള്‍ അപകടം ഉണ്ടായതായി പറയുന്നത്. അര്‍ജുൻ്റെ ലോറിയില്‍ നിന്നുള്ള ജിപിഎസ് സിഗ്‌നല്‍ ഒടുവിലായി ലഭിച്ചത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ്‌ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്‌. അർജുൻ മണ്ണിനടിയിലാണെന്ന്‌ പുറംലോകമറിഞ്ഞത് സംഭവം നടന്ന് 73 മണിക്കൂറിന് ശേഷമാണ്. വെള്ളിയാഴ്ച രാവിലെ അർജുൻ്റെ വീട്ടുകാരുടെ സങ്കടമറിഞ്ഞ് സംസ്ഥാന സർക്കാർ ഇടപെട്ടപ്പോഴാണ് കർണാടക സർക്കാർ സംഭവം ഗൗരവത്തിലെടുത്തത്‌. തുടർന്ന്‌ ജിപിഎസ് ഉപയോഗിച്ചുള്ള തെരച്ചിലിലാണ്‌ മണ്ണിനടിയിൽ ലോറിയുള്ളതായി സൂചന ലഭിച്ചത്. റഡാർ ഉപയോഗിച്ച് സ്ഥലം കേന്ദ്രീകരിച്ച് ടിപ്പർ ലോറികളിൽ മണ്ണ് നീക്കുകയാണിപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കർണാടക സർക്കാരുമായി അടിയന്തരമായി ഇടപെട്ടുവരികയാണ്‌. ബെംഗളൂരുവിൽ നിന്നെത്തിയ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും പൊലീസും വ്യാഴവും വെള്ളി ഉച്ചവരെയും അർജുനായി ഗംഗാവാലി പുഴയിൽ തെരച്ചിൽ നടത്തി. രക്ഷാപ്രവർത്തനത്തിന്‌ തടസമായി പ്രദേശത്ത്‌ കനത്ത മഴ തുടരുകയാണ്‌. മൂന്നാൾ പൊക്കത്തിൽ മണ്ണ്‌ ഇപ്പോഴും റോഡിലുണ്ട്‌. മണ്ണിടിച്ചിൽ തുടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

SCROLL FOR NEXT