NEWSROOM

അർജുൻ്റെ ഭാര്യ ഇന്ന് ജോലിയിൽ പ്രവേശിക്കും; നിയമനം ജൂനിയർ ക്ലർക്ക് തസ്തികയില്‍

ജോലി നല്‍കുമെന്ന ബാങ്കിൻ്റെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് കൃഷ്ണപ്രിയക്ക് നിയമനം നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കെ. കൃഷ്ണപ്രിയ ഇന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കും. ജൂനിയർ ക്ലർക്ക് തസ്തികയിലേക്കാണ് കൃഷ്ണപ്രിയക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിയമനം സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയത്.

ജോലി നല്‍കുമെന്ന ബാങ്കിൻ്റെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് കൃഷ്ണപ്രിയക്ക് നിയമനം നൽകിയിരിക്കുന്നത്. ജൂണ്‍ 16ന് കർണാടകയിലെ ഷിരൂരുലുണ്ടായ അപകടത്തിൽ കാണാതായ അര്‍ജുനെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മോശം കാലാവസ്ഥയും പുഴയിലെ ഒഴുക്കുമാണ് രക്ഷാദൗത്യത്തിന് തടസമായി തുടരുന്നത്. തെരച്ചിലിനായി ഡൈവിങ്ങിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിങ്ങ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ ഇനി തെരച്ചിൽ സാധ്യമാകൂവെന്ന് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ അർജുൻ്റെ വീട് സന്ദർശിച്ചതിന് ശേഷം പറഞ്ഞിരുന്നു. പലതവണ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചില്‍ നടത്തിയ ആളാണ് മാല്‍പെ.

ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. പിന്നാലെയാണ് അർജുൻ്റെ കുടുംബം ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡ്രഡ്ജ‍ർ ഉപയോ​ഗിച്ച് തെരച്ചിൽ പുനരാരംഭിക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും തെരച്ചിൽ പുനരാരംഭിച്ചിട്ടില്ല.

SCROLL FOR NEXT