NEWSROOM

ARM വ്യാജ പതിപ്പ് ചിത്രീകരിച്ചത് കേരളത്തിലെ തിയേറ്ററിലല്ല: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

Author : ന്യൂസ് ഡെസ്ക്

ടൊവീനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. വ്യാജ പതിപ്പ് ചിത്രീകരിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മൂന്നാമനെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടാ വിമലാദിത്യ പറഞ്ഞു.

കേരളത്തിലെ തിയേറ്ററുകളില്‍ നിന്നല്ല എആര്‍എം ചിത്രീകരിച്ചതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്. മറ്റാരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നതായും അദ്ദേഹേം പറഞ്ഞു.

വണ്‍ തമിഴ് എംവി എന്ന വെബ്‌സൈറ്റ് ഉടമകളാണ് പിടിയിലായത്. ഇവര്‍ തന്നെയാണ് വേട്ടയ്യന്‍ സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തമിഴ്‌നാട് സത്യമംഗലം സ്വദേശികളായ കുമാരേശ്വര്‍, പ്രവീണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ കൂടി സംഘത്തിലുണ്ട്.


വേട്ടയ്യന്‍ അപ്ലോഡ് ചെയ്തതിന് പിന്നാലെ റൂമില്‍ വിശ്രമിക്കുന്നതിന് ഇടയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സിനിമ അനധികൃതമായി ഷൂട്ട് ചെയ്തതിനും അപ്ലോഡ് ചെയ്തതിനും തെളിവ് ഇവരുടെ ഫോണില്‍ തന്നെ ഉണ്ടായിരുന്നു. ഈ തെളിവ് സഹിതമാണ് ഇവര്‍ പിടിയിലായത്. ഇത്തരത്തില്‍ 35 ഓളം സിനിമകള്‍ ആണ് ഇവര്‍ അപ്ലോഡ് ചെയ്തത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡോള്‍ബി അറ്റ്‌മോസ് തിയേറ്ററുകള്‍ കേന്ദ്രികരിച്ചാണ് ഇവര്‍ വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഡോള്‍ബി അറ്റ്‌മോസ് തിയേറ്ററില്‍ ചരിവ് കൂടുതല്‍ ആയതിനാല്‍ ഏത് ആംഗിളില്‍ നിന്നും കൃത്യമായി ഷൂട്ട് ചെയ്യാം എന്ന സാധ്യത മുതലെടുത്തുകൊണ്ടാണ് ഇത്തരം തിയേറ്ററുകള്‍ സംഘം തെരഞ്ഞെടുത്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT