NEWSROOM

ARM മാത്രമല്ല വേട്ടയ്യന്‍ വ്യാജ പതിപ്പ് ഇറക്കിയതും ഇവര്‍ തന്നെ; പിടിയിലായത് വൺ തമിഴ് എംവി വെബ്സൈറ്റ് ഉടമകള്‍

ഇന്നലെ രാത്രിയോടെയാണ് തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമാരേശ്വർ, പ്രവീൺ കുമാർ എന്നിവരെ കാക്കനാട് സൈബർ പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ARM സിനിമ പൈറസി കേസിൽ അറസ്റ്റിലായവ‍‍ർ തന്നെയാണ് വേട്ടയ്യന്‍ സിനിമയുടെ വ്യാജ പ്രിന്റ് ഇറക്കിയതെന്ന് അന്വേഷണ സംഘം. ഇവ‍ർ തന്നെയാണ് വേട്ടയ്യൻ സിനിമയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. വൺ തമിഴ് എംവി എന്ന വെബ്സൈറ്റ് ഉടമകളാണ് പിടിയിലായവര്‍. പ്രതികളെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇന്നലെ രാത്രിയോടെയാണ് തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമാരേശ്വർ, പ്രവീൺ കുമാർ എന്നിവരെ കാക്കനാട് സൈബർ പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഇന്നലെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യന്‍ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ റൂമിൽ വിശ്രമിക്കുന്നതിന് ഇടയിലാണ് പൊലീസ് ഇവരെ അറസ്റ്റ്‌ ചെയ്തത്. വൺ തമിഴ് എം വി എന്ന വെബ് സൈറ്റിലൂടെയാണ് ഇവർ ഇത്തരത്തിൽ വ്യാജ പ്രിന്‍റുകള്‍ അപ്‌ലോഡ് ചെയ്തിരുന്നത്. സിനിമ അനധികൃതമായി ഷൂട്ട്‌ ചെയ്തതിനും അപ്‌ലോഡ് ചെയ്തതിനും തെളിവ് ഇവരുടെ ഫോണിൽ തന്നെ ഉണ്ടായിരുന്നു. ഈ തെളിവ് സഹിതമാണ് ഇവർ പിടിയിലായത്. ഇത്തരത്തിൽ 35 ഓളം സിനിമകൾ ആണ് ഇവർ അപ്‌ലോഡ് ചെയ്തത്. ഷൂട്ട്‌ ചെയ്തതിന് ഒപ്പം തന്നെ മറ്റുള്ളവരില്‍ നിന്ന് പണം നല്‍കി സിനിമകളുടെ വ്യാജ പ്രിന്‍റുകള്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു.

വ്യാജ ഐപി അഡ്രസ് ഉപയോഗിച്ചാണ് സിനിമ കാണാനുള്ള ടിക്കറ്റുകള്‍ ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എആര്‍എം വ്യാജപതിപ്പ് കേസ് അന്വേഷണം ആരംഭിച്ചപ്പോൾ ജമ്മു കശ്മീർ സ്വദേശിയുടെ നമ്പറിലുള്ള ഐപി അഡ്രസിൽ ആണ് ടിക്കറ്റ് ബുക്ക്‌ ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് റിവേഴ്‌സ് മെത്തേഡ് രീതിയിൽ ആണ് പൊലീസ് കേസ് അന്വേഷിച്ചത്. ഇതോടെയാണ് കേസിൽ പ്രതികൾ പിടിയിലായത്. ഇവരെ അറസ്റ്റ്‌ ചെയ്തതോടെ വൺ തമിഴ് എംവി എന്ന വെബ് സൈറ്റ് ഇല്ലാതായെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിൽ ആകാനുണ്ട്. ഇയാളെ തിരിച്ചറിഞ്ഞെന്നും ഉടൻ തന്നെ അറസ്റ്റിലാകുമെന്നും കൊച്ചി സൈബർ ക്രൈം പൊലീസ് പറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡോൾബി അറ്റ്മോസ് തിയേറ്ററുകൾ കേന്ദ്രികരിച്ചാണ് ഇവര്‍ വീഡിയോ ഷൂട്ട്‌ ചെയ്തിരുന്നത്. ഡോൾബി അറ്റ്മോസ് തിയേറ്ററില്‍ ചരിവ് കൂടുതൽ ആയതിനാൽ ഏത് ആംഗിളില്‍ നിന്നും കൃത്യമായി ഷൂട്ട്‌ ചെയ്യാം എന്ന സാധ്യത മുതലെടുത്തുകൊണ്ടാണ് ഇത്തരം തിയേറ്ററുകള്‍ സംഘം തെരഞ്ഞെടുത്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT