ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ യുക്രെയ്ന് ആയുധങ്ങള്‍ നല്‍കിയാല്‍ അതൊരു വലിയ തെറ്റായിരിക്കുമെന്ന് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയും ഉത്തര കൊറിയയും തങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടാന്‍ പരസ്പരം സഹായിക്കുമെന്ന ധാരണയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ ദക്ഷിണ കൊറിയ യുക്രെയിന് ആയുധങ്ങള്‍ നല്‍കുമെന്ന തരത്തിലുള്ള സൂചനകള്‍ സിയോളില്‍ നിന്ന് വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പുടിന്‍.
യുക്രെയ്നിലേക്ക് ആയുധങ്ങള്‍ സപ്ലൈ ചെയ്യാന്‍ സിയോള്‍ തീരുമാനിച്ചാല്‍, ഇപ്പോഴത്തെ തെക്കന്‍ കൊറിയ നേതൃത്വത്തിന് സുഖകരമല്ലാത്ത ചില തീരുമാനങ്ങള്‍ മോസ്‌കോയ്ക്ക് എടുക്കേണ്ടി വരുമെന്ന് പുടിന്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ പ്യോങ്ഗ്യാങ്ങില്‍ സന്ദര്‍ശിച്ച ശേഷം വിയറ്റ്‌നാമിലെത്തിയ പുടിന്‍, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
യുക്രെയ്നിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ വ്യത്യസ്ത ഓപ്ഷനുകള്‍ പരിഗണിക്കുമെന്നും ഈ വിഷയത്തില്‍ റഷ്യയുടെ നിലപാട് എങ്ങനെയായിരിക്കുമെന്നത് അനുസരിച്ചായിരിക്കും തങ്ങളുടെ നിലപാട് എന്നുമാണ് ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും വന്ന അറിയിപ്പ്. ദക്ഷിണ കൊറിയയിലെ റഷ്യന്‍ അംബാസിഡറെ വിളിച്ചു വരുത്തി അധികൃതര്‍ പ്രതിഷേധം രേഖപ്പെടുത്തിയേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ദക്ഷിണ കൊറിയ യുക്രെയ്ന് മെഡിക്കല്‍ സഹായങ്ങളും സൈനിക ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് അപകടകരമായ ആയുധങ്ങള്‍ നല്‍കില്ല എന്ന നയം മൂലം ഇതുവരെ മാരകായുധങ്ങള്‍ കൊടുത്തിട്ടില്ല. എന്നാല്‍ റഷ്യയും ഉത്തര കൊറിയയുമായുള്ള ബന്ധം ശക്തമായ സാഹചര്യത്തില്‍ ഈ നയം പുനഃപരിശോധിക്കണമെന്നാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
പുടിന്റെ റഷ്യന്‍ സന്ദര്‍ശനം ദക്ഷിണ കൊറിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനായി യുക്രെയ്ന്‍ ഉപയോഗിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. പുടിന്റെ ഉത്തര കൊറിയ സന്ദര്‍ശനത്തിനിടയില്‍ യുക്രെയ്ന്‍ അധിനിവേശത്തിന് കിം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്‌നില്‍ റഷ്യ ഉത്തര കൊറിയന്‍ മിസൈലുകള്‍ വിന്യസിക്കുന്നതായുള്ള വാര്‍ത്തകളും വരുന്നുണ്ട്.
സമാധാനവും സ്ഥിരതയും സ്ഥാപിക്കുകയെന്നത് ഏതൊരു രാജ്യത്തിന്റെയും താത്പര്യമാണെന്നാണ് റഷ്യ-ഉത്തര കൊറിയ ഉടമ്പടിയെ മുന്‍ നിര്‍ത്തി യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം. ഈ ഉടമ്പടി അത്ഭുതപ്പെടുത്തുന്നില്ലെന്നും കുറെ മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ന്നു വരികയാണെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.
റഷ്യ-ഉത്തര കൊറിയ ഉടമ്പടി ആഗോളതലത്തിലും കൊറിയന്‍ മേഖലയിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തിലുള്ളതാണ്. ഉത്തര കൊറിയ പരസ്യമായി റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കിയാല്‍ തിരിച്ചു റഷ്യ കൊറിയന്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ പങ്കാളിയാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. നിലവില്‍ രണ്ട് കൊറിയന്‍ രാജ്യങ്ങളും തമ്മില്‍ യുദ്ധ സമാനമായ അന്തരീക്ഷമാണുള്ളത്. കഴിഞ്ഞ കുറെ ആഴ്ചകളായി പ്രശ്നം ഗുരുതരമായി തീര്‍ന്നിട്ടുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ കൊറിയ അതിര്‍ത്തി കടന്നെത്തിയ ഉത്തര കൊറിയന്‍ സൈന്യം വെടിവെപ്പുണ്ടായതിനെ തുടര്‍ന്നാണ് പിന്‍വാങ്ങിയത്. മൂന്ന് ആഴ്ചയ്ക്കിടയില്‍ സംഭവിക്കുന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്.