ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പാരാ കമാൻഡോ നൈബ് സുബേദാർ രാകേഷ് കുമാറാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മൂന്നു സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ നില തൃപ്തികരമാണ്.
അടുത്തിടെ രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകൾ (വിഡിജികൾ) കൊല്ലപ്പെട്ടതിന് ശേഷം ജമ്മുവിൽ നിരന്തര ഏറ്റുമുട്ടലുകൾ തുടരുകയായിരുന്നു. വിഡിജിമാരായ നസീർ അഹമ്മദിൻ്റെയും കുൽദീപ് കുമാറിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് ഏതാനും കിലോമീറ്റർ അകലെയുള്ള വനത്തിൽ തീവ്രവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
സൈന്യത്തിൻ്റെയും പൊലീസിൻ്റെയും സംയുക്ത തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പുതിയ ഏറ്റുമുട്ടൽ ആരംഭിച്ചത്. വിഡിജികളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം കുന്ത്വാര, കേശ്വൻ വനങ്ങളിൽ സൈന്യം വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ഏതാനും നാളുകളായി ജമ്മു കശ്മീരിൽ ഭീകരാക്രമണം വർധിച്ചുവരികയാണ്. ഭീകരവാദികളെ പ്രതിരോധിക്കാനായാണ് ജമ്മു കശ്മീർ പൊലീസ്, വില്ലേജ് ഡിഫൻസ് കമ്മിറ്റി രൂപീകരിച്ചത്. അക്രമികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സോപോർ ജില്ലയിൽ നടത്തിയ തെരച്ചിലിനിടെയും ഏറ്റുമുട്ടലുണ്ടായി. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പത്ത് പേർക്കാണ് പരുക്കേറ്റത്.