NEWSROOM

56 വർഷങ്ങൾക്ക് ശേഷം സൈനികന്‍ തോമസ് ചെറിയാന്‍റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചു; നാളെ ജന്മനാട്ടിലേക്ക് വിലാപയാത്ര

56 വർഷങ്ങൾക്ക് മുൻപ് ഹിമാചൽപ്രദേശിലെ റോഹ്താങ് പാസിൽ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാൻ മരണപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

ഹിമാചൽപ്രദേശിലെ റോഹ്താങ് പാസിൽ സൈനിക വിമാനം അപകടത്തിൽപ്പെട്ട് മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വീണാ ജോർജ് മൃതദേഹം ഏറ്റുവാങ്ങി.കേന്ദ്രമന്ത്രി സുരേഷ്ഗോപി പുഷ്പചക്രമർപ്പിച്ചു. 56 വർഷങ്ങൾക്ക് മുൻപ് നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാൻ മരണപ്പെട്ടത്.

ഉച്ചയോടെയാണ് തോമസ് ചെറിയാൻ്റെ ഭൗതീകദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്.തുടർന്ന് വിലാപയാത്രയായി തുറന്ന സൈനീക വാഹനത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ALSO READ : മലയാളി സൈനികനെ കാണാതായത് 1968ൽ; 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ വിലാപയാത്രയായി ജന്മനാടായ ഇലന്തൂരിലേക്ക് കൊണ്ടുപോകും. വീട്ടിലെ ചടങ്ങുകൾക്കും ശേഷം ഉച്ചക്ക് രണ്ടിന്‌ ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

ചണ്ഡീഗഢിൽനിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായിരുന്ന തോമസ്‌ ചെറിയാന്‌ അന്ന്‌ 22 വയസായിരുന്നു. 1965ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌.

SCROLL FOR NEXT