NEWSROOM

ആശങ്ക ഒഴിയുന്നു; രാജകുമാരി പഞ്ചായത്തിലെ വന്‍മരങ്ങളില്‍ ഭീഷണിയായ 40 ഓളം പെരുന്തേനീച്ചക്കൂടുകള്‍ നശിപ്പിക്കും

പറവകളോ പരുന്തോ പറന്നാലും ശക്തമായ കാറ്റു വീശിയാലും ആശങ്കയുടെ നെഞ്ചിടിപ്പാണ് ഖജനാപാറയ്ക്ക് സമീപത്തെ രാജകുമാരി എസ്റ്റേറ്റ് കോളനി നിവാസികള്‍ക്ക്

Author : ന്യൂസ് ഡെസ്ക്

പെരുംതേനീച്ചയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ഇടുക്കി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രാജകുമാരി എസ്റ്റേറ്റ് കോളനിയിലുള്ള 40 ഓളം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. കോളനിക്ക് സമീപത്തെ വന്‍മരത്തിലുള്ള പെരുന്തേനീച്ചക്കൂടുകള്‍ ഒഴിവാക്കാന്‍ രാജകുമാരി പഞ്ചായത്ത് നടപടി ആരംഭിച്ചു.

പറവകളോ പരുന്തോ പറന്നാലും ശക്തമായ കാറ്റു വീശിയാലും ആശങ്കയുടെ നെഞ്ചിടിപ്പാണ് ഖജനാപാറയ്ക്ക് സമീപത്തെ രാജകുമാരി എസ്റ്റേറ്റ് കോളനി നിവാസികള്‍ക്ക്. കോളനിക്ക് സമീപത്തെ വന്‍മരത്തിലുള്ള 40 ഓളം പെരുന്തേനീച്ചക്കൂടുകളാണ് ആശങ്കയ്ക്ക് കാരണം. രാജകുമാരി പഞ്ചായത്ത് മുന്‍കൈയെടുത്ത് കൂടുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചത് കോളനി നിവാസികള്‍ക്ക് ആശ്വാസമാകുകയാണ്. പെരുന്തേനീച്ചകളെ തുരത്തി തേനെടുത്ത ശേഷം മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍ സംഘം സ്ഥലത്തെത്തി. ഇതിനു മുന്നോടിയായി കോളനിയിലെ 40 ഓളം കുടുംബങ്ങളെ രാജകുമാരി കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൂടുകള്‍ ഒഴിപ്പിച്ചു കഴിയുന്നത് വരെ 40 കുടുംബങ്ങളിലുള്ള അറുപതോളം പേരെ കമ്മ്യൂണിറ്റി ഹാളില്‍ താമസിപ്പിക്കാനാണ് തീരുമാനമെന്ന് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു പറഞ്ഞു.


വനം വകുപ്പിന്റെയും അഗ്‌നിശമനസേനയുടെയും സഹകരണത്തോടെയാണ് തേനീച്ചകളെ തുരത്തി അപകട ഭീഷണി ഒഴിവാക്കുന്നത്. തേനീച്ച ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നര പതിറ്റാണ്ടോളമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്നെങ്കിലും പ്രശ്‌നത്തിന് ഇപ്പോഴാണ് പരിഹാരമാര്‍ഗം തെളിഞ്ഞത്.


മൂന്നു വര്‍ഷം മുന്‍പ് പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ കോളനിയിലെ ചെല്ലാണ്ടി കറുപ്പന്‍ എന്നയാള്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഒന്നര വയസ്സുകാരനെയും തേനീച്ച ആക്രമിചിരുന്നു. തേനീച്ച ശല്യം കാരണം മൃഗങ്ങളെ വളര്‍ത്താന്‍ പോലും ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. രാത്രി സമയത്ത് വീടുകളില്‍ ലൈറ്റ് തെളിച്ചാലും തേനീച്ചകള്‍ ഇരമ്പിയെത്തും. മുള്‍മുനയിലുള്ള ജീവിതത്തിന് പരിഹാരം വേണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT