NEWSROOM

യൂലിയ നവാല്‍നയയ്ക്ക് അറസ്റ്റ് വാറൻ്റ് ; തീവ്രവാദ ഗ്രൂപ്പുമായി ബന്ധമെന്ന് ആരോപണം

റഷ്യൻ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവൽനിയുടെ ഭാര്യയാണ് യൂലിയ നവാല്‍നി

Author : ന്യൂസ് ഡെസ്ക്

റഷ്യയിലെ ജയിലില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ മുന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ഭാര്യയും സാമ്പത്തിക വിദഗ്ധയുമായ യൂലിയ നവാനയയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. തീവ്രവാദ ഗ്രൂപ്പുമായി ബന്ധം ആരോപിച്ചാണ് യൂലിയ നവാല്‍നയയ്‌ക്കെതിരെ റഷ്യ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

റഷ്യന്‍ സര്‍ക്കാരിനെയും വ്‌ളാദിമിര്‍ പുടിനെയും ശക്തമായി വിമര്‍ശിച്ചിരുന്ന അലക്‌സി നവാല്‍നിയെ തടവിലാക്കുകയും അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. നവാല്‍നിയുടെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഇന്നും മറനീക്കി പുറത്തുവന്നിട്ടില്ല.

2020 ഓഗസ്റ്റില്‍ ഒരു റഷ്യന്‍ ആഭ്യന്തര വിമാനത്തില്‍ വെച്ച് ഉണ്ടായ വിഷബാധയെ തുടര്‍ന്ന് നവാല്‍നിയെ അടിയന്തര വൈദ്യ സഹായത്തിന് ജര്‍മ്മനിയിലേക്ക് മാറ്റുകയും സുഖം പ്രാപിക്കുകയും ചെയ്തു. 2021 ജനുവരി 17 ന് ജര്‍മ്മനിയില്‍ നിന്ന് വിമാനത്തില്‍ റഷ്യയിലേക്ക് മടങ്ങിയ നവല്‍നി മോസ്‌കോയില്‍ ലാന്‍ഡിംഗില്‍ തടഞ്ഞുവെച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അലക്‌സി നവല്‍നിയുടെ മരണ ശേഷം ഉത്തരവാദിത്തങ്ങള്‍ ഭാര്യ യൂലിയ നവാല്‍നിയ ഏറ്റെടുത്തു. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി പുടിന്‍ ആണെന്നും, അദ്ദേഹം കൊലപാതകിയും യുദ്ധക്കുറ്റവാളിയുമാണെന്ന് യൂലിയ നവാല്‍നയ ഉന്നയിച്ചു. പുടിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയായ ചെറുത്തിനില്‍പ്പ് തുടരുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു.

ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ യൂലിയ നവാല്‍നിയ പുടിനെതിരെ ശക്തമായ പ്രചരണം നടത്തുകയും പോളിംഗ് സ്റ്റേഷനുകളില്‍ നീണ്ട ക്യൂ സൃഷ്ടിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

SCROLL FOR NEXT