NEWSROOM

ട്രംപിനൊപ്പം പെൻസിൽവാനിയയില്‍ റാലിയിലെത്തും; സമൂഹ മാധ്യമത്തില്‍ ഇലോണ്‍ മസ്ക്

സമൂഹമാധ്യമത്തിലെ ട്രംപിൻ്റെ പോസ്റ്റിന് താഴെ കമൻ്റ് ചെയ്തുകൊണ്ടാണ് മസ്ക് റാലിയിലെത്തുമെന്ന് അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

പെൻസിൽവാനിയയിലെ ബട്ലറിൽ ശനിയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ഇലോൺ മസ്ക്. ട്രംപിനെതിരെ വധശ്രമം നടന്ന അതേ സ്ഥലത്താണ് ബുധനാഴ്ച റാലി നടക്കുക. സമൂഹമാധ്യമത്തിലെ ട്രംപിൻ്റെ പോസ്റ്റിന് താഴെ കമൻ്റ് ചെയ്തുകൊണ്ടാണ് മസ്ക് റാലിയിലെത്തുമെന്ന് അറിയിച്ചത്. ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിൻ്റെ റിപബ്ലിക്കൻ പാർട്ടിക്ക് സമീപ വർഷങ്ങളിലായി ധനസഹായം നൽകിയിരുന്നെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ മസ്ക് പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. 

പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ 20 വയസ്സുകാരനായ തോമസ് മാത്യൂ ക്രൂക്‌സാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ട്രംപിന്‍റെ ചെവിക്ക് പരുക്കേറ്റിരുന്നു. ട്രംപ് പ്രസംഗിച്ചു കൊണ്ടിരുന്ന വേദിക്ക് 130 യാര്‍ഡുകള്‍ അകലെ ഒരു നിർമാണ പ്ലാന്‍റിനു മുകളില്‍ നിന്നാണ് അക്രമി വെടിവെച്ചത്. അക്രമിയെ സീക്രട് സര്‍വീസ് സ്‌നൈപര്‍മാര്‍ വധിച്ചിരുന്നു.

അതേസമയം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമല ഹാരിസിന് ഭൂരിപക്ഷം പ്രവചിക്കുകയാണ് പുതിയ അഭിപ്രായ സർവേകൾ. ഡൊണാൾഡ് ട്രംപിനു മേൽ കമലാ ഹാരിസ് വ്യക്തമായ മേൽക്കൈ നേടുമെന്നാണ് റോയിട്ടേഴ്സ് അഭിപ്രായ സർവേ പുറത്തു വിടുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ ആറ് ശതമാനത്തിലേറെ ലീഡാണ് കമലയ്ക്ക്. ആറു ശതമാനത്തിലേറെ ലീഡ് നേടി കമലാ ഹാരിസ് മുന്നേറുന്നത് പ്രചരണം തുടങ്ങിയ ശേഷം ആദ്യമായാണ്.

SCROLL FOR NEXT