Image: Twitter 
NEWSROOM

'എനിക്കും അവന്‍ മകനെ പോലെ തന്നെ'; നീരജ് ചോപ്രയെ കുറിച്ച് നദീമിന്റെ അമ്മ

'നദീമിന്റെ സുഹൃത്തുമാത്രമല്ല, സഹോദരന്‍ കൂടിയാണ് നീരജ്, എനിക്കവന്‍ മകന്‍ തന്നെയാണ്'

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ പാക് താരം അര്‍ഷദ് നദീം സ്വന്തം മകനെ പോലെ തന്നെയാണെന്ന നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ നീരജ് ചോപ്രയും മകനെ പോലെ തന്നെയാണെന്ന് പറയുകയാണ് നദീമിന്റെ അമ്മ.

'നദീമിന്റെ സുഹൃത്തുമാത്രമല്ല, സഹോദരന്‍ കൂടിയാണ് നീരജ്, എനിക്കവന്‍ മകന്‍ തന്നെയാണ്' എന്നാണ് അര്‍ഷദ് നദീമിന്റെ അമ്മ പറഞ്ഞത്. 'മത്സരത്തില്‍ ജയവും തോല്‍വിയുമെല്ലാം സാധാരണമാണ്. ദൈവം അവനെ അനുഗ്രഹിക്കട്ടെ, അവനും മെഡലുകള്‍ നേടട്ടെ. രണ്ടു പേരും സഹോദരങ്ങളെ പോലെയാണ്. നദീമിനൊപ്പം നീരജിനു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്'. ഒരു അഭിമുഖത്തില്‍ അര്‍ഷദ് നദീമിന്റെ അമ്മയുടെ വാക്കുകള്‍.

Also Read: 

നദീമിന് നല്‍കിയ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും പാകിസ്ഥാനിലെ മുഴുവന്‍ ആളുകളോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഒളിംപിക്‌സ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ പാക് താരമാണ് അര്‍ഷദ് നദീം. വ്യക്തിഗത ഇനത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തിലെ ആദ്യത്തെ ഇന്ത്യക്കാരനുമാണ് നീരജ് ചോപ്ര.

മകന്റെ വെള്ളി മെഡല്‍ നേട്ടത്തില്‍ അഭിമാനമുണ്ടെന്നായിരുന്നു നീരജ് ചോപ്രയുടെ അമ്മ സരോജ് ചോപ്രയുടെ പ്രതികരണം. സ്വര്‍ണം നേടിയ അര്‍ഷദ് നദീമും തനിക്ക് മകന്‍ തന്നെയാണ്. കഠിനാധ്വാനികളായ കായിക താരങ്ങളാണ് രണ്ടു പേരുമെന്നുമായിരുന്നു സരോജ് ചോപ്ര പറഞ്ഞത്. 

SCROLL FOR NEXT