ഹരിയാനയിൽ കാലിടറി അരവിന്ദ് കെജ്‌രിവാളിൻ്റെ ആം ആദ്മി പാർട്ടിയും. കെജ്‌രിവാളിൻ്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ ഒരു സീറ്റ് നേടാന്‍ പോലും എഎപിക്കായില്ല. നിലവിലെ കണക്കുകള്‍ പ്രകാരം പാർട്ടിക്ക് സംസ്ഥാനത്ത് 1.53% വോട്ടുകൾ മാത്രമാണ് നേടാനായത്. ഹരിയാനയിലെ ഈ ട്രെൻഡുകൾ ആം ആദ്മിക്ക് അത്ര സുഖകരമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. പ്രത്യേകിച്ചും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ, ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.
കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് തീരുമാനിച്ചതിലൂടെ പാർട്ടിക്ക് തന്ത്രപരമായ പിഴവ് സംഭവിച്ചോ എന്ന ചർച്ചകൾക്കും അത് തുടക്കമിടും. അതേസമയം കോൺഗ്രസിൻ്റെ പ്രാദേശിക നേതാക്കൾ എഎപിയുമായുള്ള സഖ്യത്തെ അനുകൂലിക്കുന്നില്ലെങ്കിലും, വോട്ട് വിഭജനം തടയാനും ബിജെപിയെ പരാജയപ്പെടുത്താനും സഖ്യം ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പക്ഷം. എന്നാൽ എഎപിയുടെ മുതിർന്ന നേതാക്കൾ സഖ്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സീറ്റ് വിഭജന ചർച്ചകൾ ഫലം കാണതെ വന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി തീരുമാനിച്ചത്.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിൽ 10 സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആണ് എഎപി ശ്രമിച്ചത്. ഏഴിൽ കൂടുതൽ സീറ്റുകൾ നൽകാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. എന്നാൽ കലയാത്, റാനിയ, പെഹ്‌വ, ബർവാല, ജിന്ദ്, ഭിവാനി, ഗുരുഗ്രാം എന്നീ ഏഴ് സീറ്റുകളിലെ ഫലം കോൺഗ്രസിനെ ദോഷകരമായി ബാധിക്കുമെന്നാണ് എഎപി പ്രതീക്ഷിച്ചത്. അതേസമയം, ഇതേ സീറ്റുകളിൽ എഎപിക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്നതും ചർച്ച ചെയ്യേണ്ടതാണ്.
ഹരിയാനയിലെ 90 സീറ്റുകളിൽ 89 എണ്ണത്തിലാണ് എഎപി ഒറ്റയ്ക്ക് മത്സരിച്ചത്. പ്രചാരണ വേളകളിൽ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്‍റെ അഭാവം പാർട്ടിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. എന്നാൽ ഡൽഹി മദ്യനയക്കേസിൽ ജാമ്യം ലഭിച്ചതോടെ പ്രചരണ രംഗത്ത് സജീവമായിരുന്നെങ്കിലും അതൊന്നും തെരഞ്ഞെടിപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. 2019ൽ ഹരിയാനയിൽ മത്സരിച്ച 46 സീറ്റുകളിലും എഎപി തോറ്റിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം കെജ്‌രിവാളിന്‍റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ പിന്നീടുണ്ടായ ഒരു തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാന്‍ എഎപിക്ക് കഴിഞ്ഞിട്ടില്ല.