NEWSROOM

കൃഷ്ണകുമാർ പക്ഷവും വിട്ടുവീഴ്ച ചെയ്യണം; പാലക്കാട് ബിജെപിയിലെ ഭിന്നതയിൽ അടിയന്തര ഇടപെടലുമായി ആർഎസ്എസ് നേതൃത്വം

സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ കൗൺസിലർമാർ ഉൾപ്പടെയുള്ള ശോഭാ സുരേന്ദ്രൻ പക്ഷം വിട്ടുനിന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്

Author : ന്യൂസ് ഡെസ്ക്



പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടലുമായി ആർഎസ്എസ് നേതൃത്വം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനെ, പാലക്കാട്  സ്ഥാനാർഥിയാക്കിയതിനെ തുടർന്നുണ്ടായ ഭിന്നത രൂക്ഷമായതോടെയാണ്, പ്രശ്ന പരിഹാരത്തിന് ആർഎസ്എസ് നേതൃത്വം രംഗത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ കൗൺസിലർമാർ ഉൾപ്പടെയുള്ള ശോഭാ സുരേന്ദ്രൻ പക്ഷം വിട്ടുനിന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. മണ്ഡലത്തിനുള്ളിൽ നിന്നുള്ള പ്രവർത്തകരേക്കാൾ, പുറത്തുനിന്നുള്ളവരെ എത്തിച്ചാണ് ആളെ കൂട്ടിയതെന്ന് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നു. ഈ നില തുടർന്നാൽ വിജയസാധ്യതയുള്ള സീറ്റിൽ തിരിച്ചടി നേരിടുമെന്നും നേതാക്കൾ വിലയിരുത്തുന്നു. 

ഭിന്നിച്ചു നിൽക്കുന്നവരെ കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ വിളിച്ചു വരുത്തി സമവായത്തിന് ശ്രമിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും ചർച്ചകൾ തുടരും. പ്രശ്ന പരിഹാരത്തിന് കൃഷ്ണകുമാർ പക്ഷവും വിട്ടുവീഴ്ച ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ ബൂത്തു തല പ്രചരണ പരിപാടികൾ നടക്കാനിരിക്കേ, മണ്ഡലത്തിനുള്ളിലെ പ്രവർത്തകർ വിട്ടു നിൽക്കുന്നത് ദോഷം ചെയ്യുമെന്ന് ആർഎസ്എസ് നേതാക്കൾ ബിജെപിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേഗത്തിൽ പ്രശ്നം പരിഹരിക്കാനും നിർദ്ദേശിച്ചു. 

SCROLL FOR NEXT