NEWSROOM

ഇറാന്‍-ഇസ്രയേല്‍ നിഴല്‍യുദ്ധം തുറന്ന പോരിന് വഴിമാറുമ്പോള്‍

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1979ല്‍ ലബനന്‍ കയ്യേറിയ ഇസ്രയേല്‍ നീക്കത്തോളം പഴക്കമുണ്ട്, ഇറാന്‍-ഇസ്രയേല്‍ ശീതയുദ്ധത്തിന്

Author : അനുപമ ശ്രീദേവി

പതിറ്റാണ്ടുകളുടെ നിഴല്‍ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലിനെതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇറങ്ങിയിരിക്കുകയാണ് ഇറാന്‍. പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോഴും, ഇസ്രയേല്‍ യുദ്ധത്തിനിറങ്ങിയാല്‍ നോക്കിനില്‍ക്കില്ല എന്ന മുന്നറിയിപ്പാണ് ചൊവ്വാഴ്ച നടത്തിയ ആക്രമണം കൊണ്ട് ഇറാന്‍ മുന്നോട്ടുവെക്കുന്നത്.

ഗാസ അധിനിവേശം, ഹമാസ് - ഹിസ്ബുള്ള നേതാക്കളുടെ വധം എന്നിങ്ങനെ എല്ലാത്തിനുമുള്ള മറുപടിയാണ് ചൊവ്വാഴ്ച നടത്തിയ ആക്രമണമെന്ന് ഇറാന്‍ പറയുന്നു. ഹസന്‍ നസ്റള്ളയുടെ വധത്തിന് പിന്നാലെ സെപ്റ്റംബർ 30ന് ദക്ഷിണ ലെബനന്‍ അതിർത്തികളില്‍ ഇസ്രയേല്‍ ഗ്രൗണ്ട് റെയ്ഡുകൾ ആരംഭിച്ചതോടെയാണ് ഇറാന്‍റെ അപ്രതീക്ഷിത നീക്കം.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1979ല്‍ ലബനന്‍ കയ്യേറിയ ഇസ്രയേല്‍ നീക്കത്തോളം പഴക്കമുണ്ട്, ഇറാന്‍-ഇസ്രയേല്‍ ശീതയുദ്ധത്തിന്. എന്നാലിതുവരെ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് മുതിരാതെ, പലസ്തീനില്‍ ഹമാസിന്‍റെയും ലെബനനില്‍ ഹിസ്ബുള്ളയുടെയും ചെങ്കടലില്‍ ഹൂതികളുടെയും- ചരടുവലിച്ച് പിന്നില്‍ നിന്നുള്ള നിഴല്‍ യുദ്ധത്തിലായിരുന്നു ഇറാന്‍. ഇസ്രയേല്‍ മുന്നേറ്റത്തെ ചെറുക്കാന്‍ ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് വിത്തും വളവുമിട്ട് വളർത്തിയ ഹിസ്ബുള്ളയാണ് അതിന് ഇറാന്‍റെ മുന്നണി പോരാളി. ലെബനനിലേക്ക് വീണ്ടും ഒരു നുഴഞ്ഞുകയറ്റത്തിന് ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍ അതുചെറുക്കാന്‍ ഇറാന് നേരിട്ടിറങ്ങേണ്ടി വരുന്നതും അതുകൊണ്ടാണ്. ലെബനനല്ല, ഹിസ്ബുള്ളയിലൂടെ ഇറാനാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെന്ന വ്യക്തമായ ബോധ്യമാണ് അതിന് പിന്നില്‍.

ഗാസയുദ്ധം ആരംഭിച്ചതുമുതല്‍ ഹിസ്ബുള്ളയുമായി ഇസ്രയേല്‍ നടത്തിയ ഓരോ ഏറ്റുമുട്ടലുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ഇറാന്‍. ലബനന്‍ സമ്പൂർണ യുദ്ധത്തിലേക്ക് പോയാല്‍ ഇറാൻ നിസംഗത പാലിക്കില്ലെന്ന് ഇക്കഴിഞ്ഞ ഐക്യരാഷ്ട്രസഭാ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുമുണ്ട്.

Also Read: ഇറാന്‍റെ മിസൈൽ ആക്രമണത്തില്‍ അപലപിച്ചില്ല; യുഎന്‍ സെക്രട്ടറി ജനറലിന് പ്രവേശന വിലക്കേർപ്പെടുത്തി ഇസ്രയേൽ

ഇക്കഴിഞ്ഞ ഏപ്രിലില്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിക്ക് നേർക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ചത് ഒഴിച്ചാല്‍ ഇരുസംഘങ്ങളും നേരിട്ടുള്ള യുദ്ധത്തില്‍ ഇതുവരെ ഏർപ്പെട്ടിട്ടില്ല. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഖുദ്‌സ് ഫോഴ്‌സിൻ്റെ സീനിയർ കമാൻഡർ ജനറൽ മുഹമ്മദ് റെസ സഹേദിയും ഡെപ്യൂട്ടി ജനറൽ മുഹമ്മദ് ഹാദി ഹാജ്‌റിയാഹിമിയും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട എംബസി ആക്രമണത്തില്‍ ചൊവ്വാഴ്ചയുണ്ടായതുപോലെ മിസൈല്‍ വർഷം നടത്തിയാണ് ഇറാന്‍ പ്രതികരിച്ചത്.

അതിനുമുന്‍പും പിന്‍പുമുള്ള കാലയളവില്‍ സൈബർ അറ്റാക്കുകളടക്കം ഒളിയുദ്ധങ്ങളിലേർപ്പെടുകയോ ആക്രമണങ്ങളുടെ ഉത്തരവാദിത്തം നിഷേധിക്കുകയോ ചെയ്യുന്നതായിരുന്നു യുദ്ധതന്ത്രം. 2010ല്‍ ഇറാൻ്റെ നതാൻസ് ആണവകേന്ദ്രത്തിന് നേർക്കുണ്ടായ സൈബർ ആക്രമണം, ഇറാനിയൻ ആണവ ശാസ്ത്രജ്ഞനായ മൊസ്തഫ അഹമ്മദി-റോഷന്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനം, ഇറാന്‍ ആണവവികസനത്തിന്‍റെ പിതാവായി കരുതപ്പെട്ടിരുന്ന മൊഹ്‌സെൻ ഫക്രിസാദെയെ സാറ്റലൈറ്റ് നിയന്ത്രിത തോക്കുപയോഗിച്ച് കൊലപ്പെടുത്തിയ ആസൂത്രിത വധം- അങ്ങനെ ഇസ്രയേല്‍ ഇതുവരെ പൂർണമായി അംഗീകരിക്കാത്തതും ഇറാന്‍ ആരോപിക്കുന്നതുമായ മൊസാദ് നീക്കങ്ങളേറെയാണ്.

Also Read: VIDEO | ഇറാൻ്റെ മിസൈൽ പതിച്ചത് മൊസാദ് ആസ്ഥാനത്തിന് സമീപം; രൂപപ്പെട്ടത് വൻ ഗർത്തം

2018 -ല്‍ ഇറാൻ്റെ ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയപ്പോള്‍ അതിനെ ചരിത്രപരമായ നീക്കമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചതും, 2020ല്‍ ബാഗ്ദാദിൽ ഒരു അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് വിദേശകാര്യ വക്താവ് ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോള്‍ ഇസ്രയേല്‍ അതിനെ സ്വാഗതം ചെയ്തതുമെല്ലാം ഇറാന്‍ ഇസ്രയേലിനും അമേരിക്കയ്ക്കും നേർക്ക് ആരോപിക്കുന്ന സഖ്യഗൂഢാലോചനയുടെ പരസ്യമായ തെളിവുകളുമാണ്.

ലെബനനിലെ കരയുദ്ധത്തില്‍ നിന്നും പിന്‍മാറാന്‍ ഇസ്രയേലിനു മേല്‍ സമ്മർദ്ദം ചെലുത്താത്ത പക്ഷം, പശ്ചിമേഷ്യ പൂർണതോതില്‍ യുദ്ധത്തിലേക്ക് പോകുമെന്നാണ് ഇറാന്‍ യുഎന്നില്‍ പങ്കുവെച്ച ആശങ്ക. ഈ ആശങ്ക പങ്കുവെച്ച് തീരും മുന്‍പാണ് ഇറാന്‍ ഇസ്രയേലിലേക്ക് 200ല്‍ അധികം മിസൈലുകള്‍ വർഷിച്ചത്. പശ്ചിമേഷ്യയിലെ ഇസ്രയേലിന്‍റെ അപ്രമാദിത്തവും പ്രതികാരവുമായിരിക്കാം ഇറാനെ നേരിട്ടൊരു ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നസ്റള്ളയുടെ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്ന് മുന്‍പ് തന്നെ സൂചന നല്‍കിയിരുന്നു. എന്തായാലും ഇറാന്‍റെ ആക്രമണം പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രിയ സമവാക്യങ്ങളെയും പടിഞ്ഞാറന്‍ നയതന്ത്രബന്ധങ്ങളുടെയും ബല പരീക്ഷണം കൂടിയായിരിക്കും. 


SCROLL FOR NEXT