NEWSROOM

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ 'സഖാവ്'; വിളിച്ചു വരുത്തി അപമാനിച്ചു: ആശ ലോറൻസ്

മൃതദേഹം ക്രിസ്ത്യന്‍ മതാചാരത്തോടുകൂടി സംസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് ലോറൻസിൻ്റെ മകള്‍ ആശ ഹൈക്കോടതിയിൽ  നൽകിയ ഹര്‍ജിയെ തുടർന്ന് നടപടിക്രമങ്ങൾ നിര്‍ത്തിവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ സഖാവാണെന്നും ആരോഗ്യമന്ത്രിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നുവെന്നും ആശ ലോറൻസ്. പ്രിൻസിപ്പൽ വിളിച്ചു വരുത്തി അപമാനിച്ചതായും ആശ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിൽ പറയുന്നു. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറുന്നതിൽ എതിർപ്പുമായി ലോറൻസിൻ്റെ മകളായ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിതാവിൻ്റെ  മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെയാണ് ഹർജി സമർപ്പിച്ചത്.

മൃതദേഹം ക്രിസ്ത്യന്‍ മതാചാരത്തോടുകൂടി സംസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് ആശ ഹൈക്കോടതിയിൽ  നൽകിയ ഹര്‍ജിയെ തുടർന്ന് നടപടിക്രമങ്ങൾ നിര്‍ത്തിവെച്ചിരുന്നു. മകളുടെ അനുമതി പരിശോധിച്ച ശേഷം മെഡിക്കല്‍ കോളേജിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എം.എം.ലോറന്‍സിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതുമായി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അഡ്‌വൈസറി കമ്മിറ്റി രൂപീകരിച്ചിരുന്നു. കുടുംബത്തോട് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് പ്രിന്‍സിപ്പൽ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന പരാതിയുമായി ആശ ലോറൻസ് എത്തിയത്.

അതേസമയം ആശാ ലോറൻസിൻ്റെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. ഹിയറിങ്ങിനിടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് പരാതി നൽകിയത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

SCROLL FOR NEXT