NEWSROOM

നല്ല അവസരമായിരുന്നു, ആശമാരുടെ സമരം മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയോട് ഉന്നയിക്കാത്തത് ദൗര്‍ഭാഗ്യകരം: ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍

'പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടിയ നല്ല ഒരു അവസരമായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് അറിയില്ല'

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം ഉന്നയിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. കണക്കുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരുമ്പോള്‍ അതില്‍ വ്യക്തത വരുത്തണമെന്നും ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടിയ നല്ല ഒരു അവസരമായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് അറിയില്ല. മാധ്യമങ്ങളില്‍ വന്ന അറിവ് മാത്രമാണ് ഇതു സംബന്ധിച്ച് ഉള്ളത്. എന്നാല്‍ കണക്കുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ പുകമറ സൃഷ്ടിക്കുകയാണ്. ഇതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുമാണ് ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പറഞ്ഞത്.

അതിനിടെ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്നും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയമില്ലാതെ ആശമാരുടെ പ്രശ്നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നാളെ സമരപ്പന്തലിന് മുന്നില്‍ ആശമാരും പൊങ്കാലയിടും. എന്നാല്‍ ഇത് പ്രതിഷേധ പൊങ്കാലയല്ലെന്ന് ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

പൊങ്കാലയിടുന്നതിനുള്ള നൂറോളം കിറ്റുകള്‍ സുരേഷ് ഗോപി എത്തിച്ചു നല്‍കുമെന്ന് ആശമാരെ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

SCROLL FOR NEXT