NEWSROOM

പ്രതീക്ഷയുടെ വിഷു; സമരപ്പന്തലില്‍ വിഷുക്കണി ഒരുക്കി ആശമാര്‍

സമരം ആരംഭിച്ചത് മുതല്‍ എല്ലാവരും വിശേഷ ദിവസങ്ങള്‍ ആഘോഷിക്കുന്നത് സമരപ്പന്തലിലാണ്

Author : ന്യൂസ് ഡെസ്ക്

സമരപ്പന്തലില്‍ വിഷു ആഘോഷിക്കാന്‍ ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. പൊങ്കാലയടക്കം സമരപ്പന്തലില്‍ ആഘോഷിച്ച സാഹചര്യത്തിലാണ് വിഷുക്കണിയും ഒരുക്കിയത്. സമരപ്പന്തല്‍ വിലാസത്തില്‍ 1001 രൂപ വിഷു കൈനീട്ടവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം 64 ആം ദിവസത്തിലേക്കും നിരാഹാരം 26 ആം ദിവസത്തിലേക്കും കടക്കുമ്പോഴാണ് വിഷു വന്നെത്തിയത്. സമരം ആരംഭിച്ചത് മുതല്‍ എല്ലാവരും വിശേഷ ദിവസങ്ങള്‍ ആഘോഷിക്കുന്നത് സമരപ്പന്തലിലാണ്.

സമരപ്പന്തലിലെ ആഘോഷങ്ങളുടെ മാറ്റില്‍ കുറവില്ലെങ്കിലും ഓണറേറിയം വര്‍ധനയെന്ന വിഷു കൈനീട്ടം ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. വിഷുവിന്റെ സന്തോഷം പരസ്പരം പങ്കുവയ്ക്കല്‍ മാത്രമല്ല ഇവര്‍ക്ക്, ഒപ്പം പ്രതിഷേധം കൂടിയാണെന്ന് ആശാ പ്രവര്‍ത്തക കെ.പി തങ്കമണി പറയുന്നു.

1001 രൂപയുടെ വിഷുക്കൈനീട്ടമാണ് ആദ്യമായി സമരപ്പന്തലിലെത്തിയത്. സമരപ്പന്തല്‍, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ എ. ഭാസ്‌കരന്‍ നായര്‍, പെന്‍ഷനര്‍ എന്ന പേരിലാണ് തപാല്‍ കൈനീട്ടമെത്തിയത്. ഫുഡ് വ്‌ലോഗറായ തിരുവനന്തപുരം സ്വദേശി സൂരജും സമരവേദിയിലെത്തി ആശമാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വരുന്ന 21ന് ആശമാര്‍ക്ക് ഓണറേറിയം വര്‍ധന പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന ഭരണാധികാരികള്‍ക്ക് ആദരമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സമരസമിതി. ഒപ്പം സമരം ശക്തമാക്കാനും.

SCROLL FOR NEXT