NEWSROOM

പിൻമാറാൻ തയ്യാറാകാതെ പ്രവർത്തകർ; ആശാ വർക്കർമാരുടെ സമരം 21-ാം ദിവസത്തിലേക്ക്

നാളെ നിയമസഭ ആരംഭിക്കുന്ന സാഹചര്യത്തിൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ നിയമസഭ മാർച്ച് നടത്തുമെന്ന് സമരനേതാക്കൾ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 21 ആം ദിവസത്തിലേക്ക് കടന്നു. നാളെ നിയമസഭ ആരംഭിക്കുന്ന സാഹചര്യത്തിൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ നിയമസഭ മാർച്ച് നടത്തുമെന്ന് സമരനേതാക്കൾ അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിപ്പിച്ച് നാളെ കോൺഗ്രസിൻ്റ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും 13 ജില്ലകളിൽ കളക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കും.

അതേസമയം, സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചെന്ന് സമരനേതാക്കൾ അറിയിച്ചു. മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ആണ് പൊലീസ് അഴിപ്പിച്ചത്. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നത്. 

ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

അതേസസമയം, ആശ വർക്കർമാരുടെ സമരം തുടരുന്നതിനിടെ ഹെൽത്ത് വോളന്റിയർമാരെ നിയമിക്കാൻ നീക്കവുമായി സർക്കാർ രംഗത്തെത്തി.ഇതിനുളള മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 1,500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം. പരിശീലനത്തിനായി 11.70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇവർ തിരികെ പ്രവേശിച്ചിരുന്നില്ല. ഇതോടെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന്‍ തീരുമാനമായത്.

നാളെ നടക്കാനിരിക്കുന്ന നിയമസഭാ മാർച്ചിൽ സംഘർഷം ഉണ്ടാകണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് പുറത്തുവന്നു. ആശാ ഫൈറ്റേഴ്സ് എന്ന ഗ്രൂപ്പിലാണ് ചർച്ച നടന്നത്. മാർച്ചിന് യുഡിഎഫും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംഘർഷം നടന്നാൽ മാത്രമേ സർക്കാരിന് ഭയം ഉണ്ടാകൂവെന്നും ചാറ്റിൽ പറയുന്നു. അതേസമയം ചർച്ചയെക്കുറിച്ച് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം.


SCROLL FOR NEXT