ഏഷ്യാ കപ്പ് ക്രിക്കറ്റിൻ്റെ സെമി ഫൈനലിൽ നേടിയ ആധികാരിക ജയവുമായി ഇന്ത്യൻ വനിതാ ടീം ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാ കടുവകളുടെ പല്ലുകൊഴിച്ച് 10 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യയുടെ പെൺപുലികൾ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് വീശിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിയായി ഇന്ത്യ 11 ഓവറിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു.
നാലോവറിൽ 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇന്ത്യയുടെ രേണുകാ താക്കൂർ സിംഗ് ആണ് പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. നാലോവറിൽ 14 റൺസിന് മൂന്ന് വിക്കറ്റെടുത്ത രാധാ സിംഗും തിളങ്ങി. പൂജാ വസ്ത്രാക്കറും ദീപ്തി ശർമയും ഓരോ വിക്കറ്റെടുത്തു. ബംഗ്ലാദേശ് നിരയിൽ 32 റൺസെടുത്ത നിഗർ സുൽത്താനയാണ് ടോപ് സ്കോററായത്. ഷൊർണ അക്തർ 19 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം പോലും കാണാനായില്ല.
മറുപടി ബാറ്റ് വീശിയ ഇന്ത്യക്കായി ഓപ്പണർമാരായ സ്മൃതി മന്ദാനയും (55) ഷെഫാലി വർമയും (26) ചേർന്ന് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 39 പന്തിൽ നിന്ന് ഒരു സിക്സും ഒൻപത് ഫോറുകളും സഹിതമാണ് മന്ദാന 55 റൺസെടുത്തത്.