ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമി ഉറപ്പിച്ച് ഇന്ത്യ. മലേഷ്യയെ 8 - 1 ന് തകർത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇന്ത്യക്കായി രാജ് കുമാർ പാൽ ഹാട്രിക് നേടി.
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യൻ ടീം വിജയക്കുതിപ്പ് തുടരുകയാണ്. തുടക്കം മുതലെ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തിൻ്റെ മൂന്നാം മിനിറ്റിൽ സ്കോർ ബോർഡ് തുറന്നു. മലേഷ്യയ്ക്കുള്ള ആദ്യ പ്രഹരം രാജ് കുമാർ പാലിലൂടെയാണ് ഇന്ത്യ കൊടുത്തത്.
മൂന്ന് മിനിറ്റുകൾക്കപ്പുറം അരജീത് സിംഗും ജുഗരാജ് സിംഗും ഇന്ത്യക്കായി വലകുലുക്കി. രാജ് കുമാർ ഹാട്രിക്കടിച്ചപ്പോൾ, അരജീത് സിംഗ് രണ്ടും ഗോളുകൾ നേടി. കാപ്റ്റൻ ഹർമൻപ്രീത് സിംഗും, ഉത്തംസിംഗും സ്കോർ ബോർഡ് പൂർത്തിയാക്കി. അഖിമുല്ല അനുവാറാണ് മലേഷ്യക്കായി ആശ്വാസ ഗോൾ നേടിയത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ, മൂന്ന് കളികളിൽ 9 പോയിൻ്റുമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഇതോടെ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ സെമി ഉറപ്പിച്ചു. നാളെ സൗത്ത് കൊറിയയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെപ്‍റ്റംബർ 16ന് സെമിയും 17 ന് ഫൈനലും നടക്കും.