NEWSROOM

വിവാദങ്ങൾ അവസാനിപ്പിച്ച് കെട്ടിപ്പിടുത്തം; മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ സ്നേഹചുംബനം നൽകി ആസിഫ് അലിയും രമേശ് നാരായണും

ഞാൻ എന്താ നിങ്ങളോട് പറയാ എന്ന് ആസിഫ് അലി വീഡിയോയിൽ ചോദിക്കുന്നുണ്ട്. രമേശ് നാരായൺ ആസിഫ് അലിക്ക് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം

Author : ന്യൂസ് ഡെസ്ക്

വിവാദങ്ങൾ അവസാനിപ്പിച്ച് കെട്ടിപ്പിടിച്ച് നടൻ ആസിഫ് അലിയും സംഗീതജ്ഞൻ രമേശ് നാരായണും. മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും പരിഭവം അവസാനിപ്പിച്ച് കെട്ടിപ്പിടിക്കുന്നതിൻ്റെ വീഡിയോയും പുറത്തുവന്നു. ഞാൻ എന്താ നിങ്ങളോട് പറയാ എന്ന് ആസിഫ് അലി വീഡിയോയിൽ ചോദിക്കുന്നുണ്ട്. രമേശ് നാരായണും ആസിഫ് അലിക്ക് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.

ഈ വര്‍ഷം ജനുവരിയില്‍ ആസിഫ് അലിയെ രമേശ് നാരായൺ അപമാനിച്ചു എന്ന് ആരോപണം ഉയർന്നിരുന്നു. എം.ടി വാസുദേവന്‍ നായരുടെ 9 തിരക്കഥകള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച മനോരഥങ്ങൾ സിനിമാ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു വിവാദം. ചലച്ചിത്ര സമാഹാരത്തില്‍ ജയരാജ് സംവിധാനം ചെയ്ത 'സ്വര്‍ഗം തുറക്കുന്ന സമയം' സിനിമയ്ക്ക് സംഗീതം നല്‍കിയത് രമേശ് നാരായൺ ആയിരുന്നു. എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത 'വില്പന' എന്ന സിനിമയില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ട്രെയിലര്‍ ലോഞ്ചിന് ശേഷം നടന്ന അണിയറ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മൊമെന്‍റോ നല്‍കുമ്പോള്‍ രമേശ് നാരായണനെ വേദിയിലേക്ക് അവതാരക ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് അല്‍പ്പസമയത്തിനകം ക്ഷമാപണത്തോടെ മൊമെന്‍റോ നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചെങ്കിലും രമേശ് നാരായൺ തന്‍റെ നീരസം പ്രകടമാക്കി. തുടര്‍ന്ന് ആസിഫ് അലിയില്‍ നിന്ന് മൊമെന്‍റോ വാങ്ങിയെങ്കിലും ഹസ്തദാനം നല്‍കുകയോ മുഖത്ത് നോക്കുകയോ ചെയ്തില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി രമേശ് നാരായണന്‍ വീണ്ടും മൊമെന്‍റോ ഏറ്റുവാങ്ങുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഗീത സംവിധായകനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തി. ആസിഫ് അലിയെ അപമാനിക്കുന്ന പ്രവൃത്തിയാണ് രമേശ് നാരായണില്‍ നിന്ന് ഉണ്ടായതെന്നായിരുന്നു വിമര്‍ശനം.

എന്നാൽ, തന്നെ ഒരു തരത്തിലും ഈ സംഭവം ബാധിച്ചിട്ടില്ല. തനിക്ക് നല്‍കുന്ന പിന്തുണ മറ്റുള്ളവര്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണമാകരുത്. രമേഷ് നാരായൺ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും മാപ്പ് പറയുന്ന നിലയിലേക്ക് ഈ സംഭവം എത്താന്‍ പാടില്ലായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞിരുന്നു.


SCROLL FOR NEXT