NEWSROOM

അന്നയുടെ മരണം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തും: പി. സതീദേവി

അന്ന സെബാസ്റ്റ്യന്റെ അമ്മയോട് വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടു

Author : ന്യൂസ് ഡെസ്ക്

ജോലി സമ്മര്‍ദം മൂലം മരണപ്പെട്ട EY ചാട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ വീട് സന്ദര്‍ശിച്ച് വനിതാ കമ്മീഷന്‍. അന്നയുടെ മരണം അതിദാരുണമായ സംഭവമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. EY കമ്പനിയുടെത് നിഷ്ഠൂരമായ നിലപാടാണെന്ന് സതീദേവി പറഞ്ഞു.

അന്ന സെബാസ്റ്റ്യന്റെ അമ്മയോട് വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജോലി ഭാരത്തെ കുറിച്ച് ഐടി മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ വനിതാ കമ്മീഷന് ലഭിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.


അന്നയുടെ മരണത്തില്‍ നേരത്തേ, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

ജൂലൈയ് 24നാണ് ഏര്‍ണസ്റ്റ് & യങ് ഇന്‍ഡ്യ കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്നയെ പൂനെയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നയുടെ മരണകാരണം ജോലി സമ്മര്‍ദമെന്നാരോപിച്ച് അമ്മ അനിത അഗസ്റ്റിന്‍ EY കമ്പനി മേധാവി രാജീവ് മേമാനിക്ക് തുറന്ന കത്തയച്ചിരുന്നു. ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതിനപ്പുറം ജോലിഭാരം നല്‍കുന്ന കമ്പനിയുടെ നിലപാട് തിരുത്തണമെന്നും ഇനി ഇത്തരം ഒരവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്.

ജോലി സമ്മര്‍ദവും മാനസിക പിരിമുറക്കവും കാരണം മകള്‍ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു. ഉറക്കമില്ലായ്മയും വൈകിയുള്ള ഭക്ഷണ ശീലവും മകളെ രോഗിയാക്കി, മരണവിവരമറിഞ്ഞ് സഹപ്രവര്‍ത്തകര്‍ ആരും തന്നെ അന്നയെ കാണാന്‍ എത്തിയില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് വിഷയം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.


SCROLL FOR NEXT