ഹിമന്ത ബിശ്വ ശർമ 
NEWSROOM

ആധാർ ലഭിക്കണമെങ്കിൽ ഇനി പൗരത്വ രജിസ്റ്റർ അപേക്ഷാ നമ്പർ കൂടി വേണം; 'അനധികൃത കുടിയേറ്റക്കാരെ' കണ്ടെത്താനെന്ന് അസം മുഖ്യമന്ത്രി

അസമില്‍ ഇനിമുതല്‍ ആധാർ എടുക്കുന്നത് എളുപ്പമല്ലെന്നും മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തില്‍ കർശന നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

അസമില്‍ പുതിയ ആധാർ കാർഡിന് അപേക്ഷിക്കുന്നവർ എന്‍ആർസി(ദേശീയ പൗരത്വ രജിസ്റ്റർ) അപേക്ഷയുടെ രസീത് നമ്പർ ഒപ്പം സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതിനായി വിശദമായ ഏകീകൃത നടപടി ക്രമം തയ്യാറാക്കുമെന്നും ഹിമന്ത വിശ്വ പറഞ്ഞു. ഒക്ടോബർ ഒന്ന് മുതലായിരിക്കും നിർദേശം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അപേക്ഷാ രസീത് നമ്പർ സമർപ്പിക്കുന്നതിലൂടെ അസമിലേക്കുള്ള വിദേശികളുടെ അനധികൃത കടന്നു കയറ്റം തടയാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ആധാർ കാർഡ് വിതരണം ചെയ്യുന്നതിലും കർശന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

"ആധാർ കാർഡിനായുള്ള അപേക്ഷകള്‍ ജനസംഖ്യയെക്കാള്‍ അധികമാണ്. ഇത് സംശയാസ്പദമായ രീതിയിലുള്ള പൗരന്മാരുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പുതിയ അപേക്ഷകർ അവരുടെ എന്‍ആർസി അപേക്ഷ രസീത് നമ്പർ കൂടി സമർപ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു", മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അസമില്‍ ഇനിമുതല്‍ ആധാർ എടുക്കുന്നത് എളുപ്പമല്ലെന്നും മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തില്‍ കർശന നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. എന്‍ആർസി രജിസ്ട്രേഷന്‍ സമയത്ത് ബയോമെട്രിക് വിവരങ്ങള്‍ ചേർത്ത 9.55 ലക്ഷം പേർക്ക് ആധാർ അപേക്ഷ രസീത് സമർപ്പിക്കുന്നത് പ്രശ്നമല്ലെന്നും അവർക്ക് കാർഡുകള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു വ്യക്തിക്ക് ആധാർ കാർഡ് നല്‍കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരുകള്‍ക്ക് കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.


ഫോറിനേഴ്‌സ് ട്രിബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ച ശേഷം ഒളിച്ചോടിയ വ്യക്തികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംശയിക്കപ്പെടുന്ന വ്യക്തികളെയോ കുടുംബങ്ങളെയോ തിരിച്ചറിഞ്ഞാല്‍ അവരുടെ ബയോമെട്രിക്‌സ് ശേഖരിക്കും. അത്തരം വ്യക്തികൾക്ക് ആധാർ, പാൻ, വോട്ടർ ഐഡികൾ അല്ലെങ്കിൽ പാസ്‌പോർട്ടുകൾ ഉണ്ടെങ്കിൽ, ഭാവി റഫറൻസിനായി അവരുടെ നമ്പർ രേഖപ്പെടുത്തുമെന്നും ശർമ്മ കൂട്ടിച്ചേർത്തു.

അതേസമയം, അസമിൽ പൗരത്വം ലഭിക്കാത്ത 28 ബംഗാളി മുസ്ലീങ്ങളെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഫോറിനേഴ്‌സ് ട്രിബ്യൂണലിന്‍റെ വിധിയെ തുടർന്നാണ് നടപടി. ഒമ്പത് സ്ത്രീകളും 19 പുരുഷന്മാരും അടക്കം 28 പേരെയാണ് ഗോൾപാറ ജില്ലയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവർ ഇന്ത്യക്കാരല്ലെന്നും വിദേശികളാണെന്നുമാണ് ട്രൈബ്യൂണൽ വിധിച്ചത്. നിയമപരമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് കനത്ത സുരക്ഷയിൽ ആണ് ട്രാൻസ്ഫർ നടപടികൾ നടന്നത് എന്ന് ബാർപേട്ട പൊലീസ് അറിയിച്ചു.


2024 ജനുവരി മുതൽ ഇന്നുവരെ, അനധികൃത കുടിയേറ്റക്കാരെന്ന് ബിജെപി സർക്കാർ സ്ഥിരീകരിച്ച 54 പേരെയാണ് അസമില്‍ കണ്ടെത്തിയിട്ടുള്ളത്. കരിംഗഞ്ചിൽ 48, ബോംഗൈഗാവിൽ 4, ഹഫ്‌ലോംഗ് ജിആർപി, ധുബ്രി ജില്ലകളിൽ ഓരോന്നും എന്നിങ്ങനെയാണ് കണക്കുകള്‍. ഇവരിൽ 45 പേരെ അവരുടെ മാതൃരാജ്യത്തിന് കൈമാറി. ഒമ്പത് പേരെ കരിംഗഞ്ചിൽ നിന്ന് അറസ്റ്റ് ചെയ്തു.

2019 ഓഗസ്റ്റില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയത്. പൗരത്വ ഭേദഗതി ബില്ലിന് മുന്നോടിയായിരുന്നുവിത്. എന്‍ആർസി പ്രകാരം, വ്യക്തികളോ അവരുടെ പൂർവികരോ 1971 മാർച്ച് 24നു മുൻപ് അസമിൽ എത്തിയവരായിരിക്കണം. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും 3 കോടി 11 ലക്ഷം ആളുകളെ പട്ടികയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.

SCROLL FOR NEXT