മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ഷൂട്ടർമാർ വെടിവെക്കാൻ പരിശീലിച്ചത് യൂട്യൂബ് വഴി. പ്രതികളായ ഗുർമെയ്‌ല്‍ സിംഗും ധരംരാജ് കശ്യപുമാണ് യൂട്യൂബ് വീഡിയോയിലൂടെ തോക്ക് കൈകാര്യം ചെയ്യാന്‍ പഠിച്ചത്. ഇവർ പരിശീലിച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ ക്രൈം ബ്രാഞ്ച്.
കേസില്‍ സാക്ഷികളടക്കം 15 പേരുടെ മൊഴികളാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയത്. നാലാമതൊരു പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുള്ള ഹരീഷ്‌കുമാർ ബലക്രം നിസാദിനെ (23) മുംബൈയിലെ കോടതി ഒക്ടോബർ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളാണ് പ്രതികള്‍ക്ക് വേണ്ട ആയുധവും പണവും നല്‍കിയത്. കേസില്‍ അറസ്റ്റിലായ പ്രവീണ്‍ ലോന്‍കറും ഒളിവിലുള്ള ശുഭം ലോന്‍കറും ഷൂട്ടർമാർക്ക് നല്‍കാന്‍ 2 ലക്ഷം രൂപയാണ് ഹരീഷിന്‍റെ പക്കല്‍ ഏല്‍പ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
Also Read: ബാബ സിദ്ദിഖി വധം: നാലാം പ്രതി ഹരിഷ്കുമാർ ബലക്രം അറസ്റ്റിൽ
ബാന്ദ്ര ഈസ്റ്റ് എംഎല്‍എയും മകനുമായ സീഷന്‍റെ ഓഫീസിനു മുന്നില്‍ വെച്ചാണ് ഷൂട്ടർമാർ ബാബയെ കൊലപ്പെടുത്തിയത്. 9 എംഎം പിസ്റ്റല്‍ ഉപയോഗിച്ച് ആറു റൗണ്ടാണിവർ നിറയൊഴിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രവീണ്‍ ലോന്‍കറിന്‍റെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം കുപ്രസിദ്ധമായ ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തു. സിദ്ദിഖിക്ക് സല്‍മാന്‍ഖാന്‍, ദാവൂദ് ഇഹ്രാഹിം എന്നിവരുമായുള്ള ബന്ധമാണ് കൊലപാതകത്തിനു കാരണമായി ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്. സല്‍മാന്‍ ഖാന്‍റെ വീടിനു മുന്നിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ചോദ്യം ചെയ്ത് വെറുതെവിട്ട ആളാണ് സിദ്ദിഖി വധത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശുഭം ലോന്‍കർ. ഇയാള്‍ക്കായുള്ള തെരച്ചിലിലാണ് മുംബൈ പൊലീസ്.
ബാബ വധത്തില്‍ ഇതുവരെ നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഷൂട്ടർമാരായ ഗുർമൈൽ ബൽജിത് സിങ് (23), ധരംരാജ് രാജേഷ് കശ്യപ് (19), ആസൂത്രകരില്‍ ഒരാളായ പ്രവീണ്‍ ലോന്‍കർ എന്നിവരാണ് പിടിയിലായത്.
Also Read: ബാബ സിദ്ദിഖി വധം: ആസൂത്രകരില്‍ ഒരാള്‍ സല്‍മാന്‍ കേസില്‍ പൊലീസ് വെറുതെ വിട്ട ശുഭം ലോന്‍കർ