NEWSROOM

'പ്രതികാര നടപടി', ഇസ്രയേലിനെ ആക്രമിച്ച് ഹിസ്ബുള്ള; വിക്ഷേപിച്ചത് ഇരുന്നൂറിലധികം റോക്കറ്റുകള്‍

ലെബനനിൽ നിന്ന് തങ്ങളുടെ പ്രദേശത്തേക്ക് നിരവധി വ്യോമാക്രമണങ്ങൾ ഉണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇസ്രായേല്‍ സൈനിക സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് 200ലധികം റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള ഗ്രൂപ്പ്. തങ്ങളുടെ സീനിയര്‍ കമാന്‍ഡര്‍ മുഹമ്മദ് നിമാഹ് നാസറെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുള്ള വ്യക്തമാക്കി. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ മൂന്ന് പ്രാദേശിക ഡിവിഷനുകളിലൊന്നിന്റെ തലവനായ മുഹമ്മദ് നിമാഹ് നാസറിനെ കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തിയത്.

നാസറിനെ വധിച്ചത് ഇസ്രായേല്‍ ആണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ലെബനനില്‍ നിന്ന് തങ്ങളുടെ പ്രദേശത്തേക്ക് നിരവധി വ്യോമാക്രമണങ്ങള്‍ ഉണ്ടായതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ വടക്കുഭാഗത്ത് ഗലീലിയിലും ഗോലാനിലും ആണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. അവയില്‍ പലതും തടഞ്ഞതായും ആളപായങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

അതേസമയം ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശേഷം തെക്കന്‍ ലെബനനിലെ വിവിധ നഗരങ്ങളില്‍ ഇസ്രായേലും പ്രത്യാക്രമണം നടത്തി. തെക്കന്‍ അതിര്‍ത്തി പട്ടണങ്ങളായ റംയേഹ്, ഹൗല എന്നിവിടങ്ങളിലെ ഹിസ്ബുള്ളയുടെ സൈനിക ഘടനയില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

SCROLL FOR NEXT