NEWSROOM

നിയമസഭാ ഉപതെരഞ്ഞെടുപ്പ്: 13ൽ പത്തിടത്തും വെന്നിക്കൊടി പാറിച്ച് ഇന്ത്യാ മുന്നണി; രണ്ടിലൊതുങ്ങി ബിജെപി

ബിഹാറിലെ റുപൗലി മണ്ഡലത്തിൽ ജെഡിയു സ്ഥാനാർഥിയെ തോൽപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗ് വിജയം നേടി

Author : ന്യൂസ് ഡെസ്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ശക്തമായ പ്രകടനത്തിന് പിന്നലെ ഉപതെരഞ്ഞെടുപ്പിലും തിളങ്ങി ഇന്ത്യ മുന്നണി. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണി വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ മാസം നടന്ന ലോക‌്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വിജയിച്ച് റെക്കോർഡിട്ട ബിജെപിക്ക് വെറും രണ്ട് സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ മൊഹീന്ദർ ഭഗത് 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിർണായക വിജയം നേടി. അതേസമയം മത്സരിച്ച നാല് സീറ്റുകളും പിടിച്ചെടുത്ത് പശ്ചിമ ബംഗാളിൽ ടിഎംസി തങ്ങളുടെ ആധിപത്യം വ്യക്തമാക്കി.

ഹിമാചൽ പ്രദേശിലെ ഡെഹ്‌റ മണ്ഡലത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ വിജയം ഉറപ്പിച്ച് അരങ്ങേറ്റം കുറിച്ചു. ഹമീർപൂരിൽ ബിജെപി വിജയിച്ചപ്പോൾ നലഗഡ് സീറ്റിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തി.

തമിഴ്‌നാട്ടിലെ വിക്രവണ്ടി മണ്ഡലത്തിൽ ഡിഎംകെയുടെ അന്നിയൂർ ശിവ 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളും കോൺഗ്രസ് നേടിയപ്പോൾ മധ്യപ്രദേശിലെ അമർവാർ സീറ്റിൽ ബിജെപിയുടെ കംലേഷ് പ്രതാപ് ഷാഹി വിജയിച്ചു.

അതേസമയം ബിഹാറിലെ പുർണിയയിലെ റുപൗലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ശങ്കർ സിംഗിൻ്റെ ജയം ശ്രദ്ധേയമായി. ജെഡിയുവിൻ്റെ കലാധർ പ്രസാദ് മണ്ഡലിനെ 8,246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശങ്കർ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിൻ്റെ തുടക്കം മുതൽ തന്നെ ഇന്ത്യ മുന്നണി വ്യക്തമായ ആധിപത്യം നിലനിർത്തിയിരുന്നു. ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്.

SCROLL FOR NEXT