NEWSROOM

നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

ഭരണകക്ഷി എംഎൽഎ പി.വി. അൻവർ തിരി കൊളുത്തിയ വിവാദത്തിൽ ചുട്ടു പൊള്ളി നിൽക്കുകയാണ് സിപിഎമ്മും സർക്കാരും

Author : ന്യൂസ് ഡെസ്ക്

സിപിഎമ്മും സർക്കാരും വിവാദങ്ങളിൽ ഉലഞ്ഞു നിൽക്കെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് നാളെ സഭ പിരിയും. എന്നാൽ വരും ദിവസങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തയാറാവുകയാണ് പ്രതിപക്ഷം.

ഭരണകക്ഷി എംഎൽഎ പി.വി. അൻവർ തിരി കൊളുത്തിയ വിവാദത്തിൽ ചുട്ടു പൊള്ളി നിൽക്കുകയാണ് സിപിഎമ്മും സർക്കാരും. അതിനിടയിലാണ് ഒൻപത് ദിവസത്തെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ദ ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം, അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം, തൃശൂർ പൂരം കലക്കൽ, എഡിജിപി ആർഎസ്എസ് ബന്ധം എന്നിങ്ങനെ സർക്കാരിന് മറുപടി പറയാൻ വിഷയങ്ങളേറെയാണ്. ഇതുവരെ വ്യക്തമായ മറുപടി കിട്ടാത്ത അഭിമുഖത്തിലെ പിആർ ഏജൻസിയുടെ സാന്നിധ്യത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് നിയമസഭയിൽ വിശദീകരിക്കേണ്ടി വരും.


പി.വി. അൻവർ ഉന്നയിച്ച സ്വർണക്കടത്ത്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണം എന്നിവയും തുടർന്നുള്ള ദിവസങ്ങളിൽ പ്രതിപക്ഷം സഭയിൽ ഉയർത്തും. എഡിജിപിക്കെതിരായ ആരോപണം, തൃശൂർ പൂരം കലക്കലിലെ റിപ്പോർട്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയും എന്നാണ് പ്രതീക്ഷ. നാളെ അടിയന്തര പ്രമേയം അടക്കമുള്ള നടപടികൾ ഉണ്ടാകില്ല. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് പിരിയുന്ന സഭ തിങ്കളാഴ്ച പുനരാരംഭിക്കും.

SCROLL FOR NEXT