NEWSROOM

931 കോടിയിലധികം ആസ്തി; ചന്ദ്രബാബു നായിഡു ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്

332 കോടിയിലധികം ആസ്തിയുള്ള അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായ  പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രിയും 51 കോടിയിലധികം ആസ്തിയുള്ള കർണാടകയിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്നാമതുമാണ്

Author : ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്. 931 കോടിയിലധികം ആസ്തിയാണ് ചന്ദ്രബാബു നായിഡുവിനുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 332 കോടിയിലധികം ആസ്തിയുള്ള അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായ  പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രിയും 51 കോടിയിലധികം ആസ്തിയുള്ള കർണാടകയിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്നാമതുമാണ്. 180 കോടി രൂപയുടെ ഏറ്റവും ഉയർന്ന ബാധ്യതയും പേമ ഖണ്ഡുവിനുണ്ട്. സിദ്ധരാമയ്യയ്ക്ക് 23 കോടി രൂപയും ചന്ദ്രബാബു നായിഡുവിന് 10 കോടിയിലധികം രൂപയും ബാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.


ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവും അവസാനമുള്ളത് 15 ലക്ഷം രൂപയുടെ ആസ്തിയുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ്. ഈ പട്ടികയിൽ 55 ലക്ഷം രൂപ ആസ്തിയുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രണ്ടാമതും 118 കോടിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാമതുമാണ്.

സംസ്ഥാന അസംബ്ലികളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. 31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടി രൂപയാണ്. 31 മുഖ്യമന്ത്രിമാരിൽ പശ്ചിമ ബംഗാളിലെ മമത ബാനർജിയും ഡൽഹിയിലെ അതിഷിയും മാത്രമാണ് വനിത മുഖ്യമന്ത്രിമാർ. 13 മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതിൽ തന്നെ 10 പേർക്കെതിരെ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, കൈക്കൂലി, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


SCROLL FOR NEXT