അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ബോയിംഗ് സ്റ്റാർലൈനർ ഉടൻതന്നെ ഞങ്ങളെ തിരിച്ചെത്തിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ആദ്യ വാർത്ത സമ്മേളനത്തിലാണ് അവരുടെ പ്രതികരണം.
തകരാർ ഉണ്ടെങ്കിലും ബോയിംഗിന്റെ സ്പേസ് ക്യാപ്സ്യൂൾ സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന തികഞ്ഞ പ്രതീക്ഷ ഉണ്ടെന്ന് സുനിത വില്യംസ് പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൂടുതൽ ദിവസം നിൽക്കേണ്ടി വന്നതിൽ പ്രശ്നങ്ങൾ ഇല്ലെന്നും സ്റ്റാർലൈനർ ടീമിൽ വിശ്വാസമുണ്ടെന്നും ഇരുവരും അറിയിച്ചു. നിലവിൽ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയാണെന്നും, ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ഇടമാണ് ബഹിരാകാശമെന്നും അവർ പറഞ്ഞു.
അതേസമയം, വില്യംസിനേയും വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ വർഷം ജൂൺ അഞ്ചിനാണ് ഫ്ലോറിഡയിലെ കോപ്പി കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് ബോയിംഗ് സ്റ്റാർലൈനർ വിക്ഷേപിച്ചത്. എന്നാൽ, ബഹിരാകാശത്തെത്തി ഒരു മാസം കഴിഞ്ഞിട്ടും ഇരുവരേയും തിരികെ ഭൂമിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.