തെക്ക് കിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. നിലവിൽ 50 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിൻ്റെ പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തിലാണ്. ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കാറ്റ് ജോർജിയ നഗരത്തിലെ അറ്റ്ലാൻ്റയിലേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നു. പിന്നാലെ അറ്റ്ലാൻ്റയിൽ അധികൃതർ ആദ്യമായി മിന്നൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അമേരിക്കയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഹെലീൻ, ഫ്ലോറിഡയിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ദിവസമായി ജോർജിയയിലെ അറ്റ്ലാൻ്റയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
നാൽപ്പതു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം തടസപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് ശക്തമായ കാറ്റും വെള്ളപ്പൊക്കവും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷാപ്രവർത്തനം തുടരുകയാണ്. മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും ശക്തമായ 14-ാമത്തെ ചുഴലിക്കാറ്റാണ് ഹെലീൻ.