NEWSROOM

വടക്കൻ ഗാസയിൽ ഇസ്രായേൽ ആക്രമണം; 72 പേർ കൊല്ലപ്പെട്ടു

നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് നിഗമനം

Author : ന്യൂസ് ഡെസ്ക്

വടക്കൻ ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. മരിച്ചവരിൽ പലരും സ്ത്രീകളും കുട്ടികളുമാണെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നിരവധി പേർക്ക് പരുക്കുകളുണ്ട്. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് നിഗമനം.

ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റും ആറ് കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ബെയ്ത് ലഹിയ, ബെയ്ത് ഹനൂന്‍, ജബാലിയ എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ ഇസ്രയേല്‍ ടാങ്ക് ആക്രമണങ്ങൾ തുടരുകയാണ്.

ബെയ്ത് ലഹിയയില്‍ ഇസ്രയേലിന്റെ ഒരു ടാങ്ക് തകര്‍ത്തതായി ഹമാസിന്റെ കൂട്ടാളികളായ ഇസ്‌ലാമിക് ജിഹാദ് പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ ബുറേജ് അഭയാര്‍ഥി ക്യാംപില്‍ പത്തും, നുസേറിയത്തില്‍ നാലും പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇപ്പോഴത്തെ സൈനിക നടപടിയില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 43,846 ആയി.

SCROLL FOR NEXT